കേരളത്തിന് നിരവധി നേതാക്കളെ സംഭാവന ചെയ്ത മണ്ണാണ് ആലപ്പുഴയിലേത്. പാര്‍ലമെന്റിലേക്ക് നിരവധി പ്രമുഖരെ അയച്ചു. എന്നാല്‍ അവികസിത മണ്ഡലമെന്ന ദുഷ്‌പേര് മാത്രമാണ് ബാക്കി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട മൂന്നു പേര്‍ ഒരേ സമയം കേന്ദ്രമന്ത്രി പദവിയിലുമെത്തി, അപ്പോഴും ആലപ്പുഴയുടെ വികസന സ്വപ്‌നങ്ങള്‍ പൂവണിഞ്ഞില്ല. നാലു പതിറ്റാണ്ട് മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടി വന്നു. വന്ദേഭാരത് ട്രെയിനുകള്‍, തീരദേശ പാത ഇരട്ടിപ്പിക്കല്‍, ദേശീയപാത വികസനം തുടങ്ങി ആലപ്പുഴയിടെ വികസന സ്വപ്‌നങ്ങള്‍ ഒന്നൊന്നായി മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.
മുഖവുര വേണ്ടാത്ത നേതാക്കളാണ് മൂന്ന് മുന്നണികള്‍ക്കുമായി മത്സരംഗത്തുള്ളത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കേരളത്തിലെ വനിതാ നേതാക്കളില്‍ പ്രമുഖയുമായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി, സിറ്റിങ് എംപി എ.എം. ആരിഫ് എല്‍ഡിഎഫിനായും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യുഡിഎഫിനായും മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ 1,87,729 വോട്ടുകള്‍ നേടി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2009ല്‍ എന്‍ഡിഎയ്‌ക്ക് 19,711 വോട്ടുകളാണ് ലഭിച്ചത്. 2014ല്‍ എന്‍ഡിഎ സ്വതന്ത്രന്‍ എ.വി. താമരാക്ഷന്‍ 43,051 വോട്ടുകളാണ് നേടിയത്. ഇതില്‍ നിന്ന് ഒന്നര ലക്ഷത്തോളം വോട്ടുകളുടെ വര്‍ധനയാണ് 2019ല്‍ എന്‍ഡിഎയ്‌ക്കുണ്ടായത്.
കെ.സി. വേണുഗോപാല്‍ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2009ലും 2014ലുമാണ് വേണുഗോപാല്‍ ജയിച്ചത്. ആദ്യം സിപിഎമ്മിലെ ഡോ. കെ.എസ്. മനോജായിരുന്നു എതിരാളി. 57,635 വോട്ടിനായിരുന്നു ജയം. 2014 ആയപ്പോഴേക്കും വേണുഗോപാലിന്റെ ലീഡ് ഗണ്യമായി കുറയ്‌ക്കാന്‍ സിപിഎമ്മിലെ സി.ബി. ചന്ദ്രബാബുവിനു കഴിഞ്ഞു. 19,407 ആയി ഭൂരിപക്ഷം. വേണുഗോപാല്‍ മാറിനിന്ന 2019ല്‍ സ്ഥിതി മാറിമറിഞ്ഞു. സിപിഎമ്മിന്റെ എ.എം. ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വീഴ്‌ത്തി.
ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കരുനാഗപ്പള്ളിയും അടങ്ങുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. ഇവയില്‍ അഞ്ചിടത്തേയും പ്രതിനിധീകരിക്കുന്നത് ഇടത് എംഎല്‍എമാരാണ്. ദേശീയപാതയ്‌ക്കിരുവശവുമായി കിടക്കുന്ന മണ്ഡലമാണ് ആലപ്പുഴ. കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും നിറഞ്ഞതാണ് മണ്ഡലം. ഇവരുടെ പൊതുവായ പ്രശ്‌നങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്. കയര്‍മേഖല പൂര്‍ണമായും തകര്‍ന്നടിഞ്ഞു. നെല്‍കൃഷി മേഖലയും തകര്‍ച്ചയിലാണ്. അടുത്തിടെ രണ്ട് കര്‍ഷകരാണ് ജീവനൊടുക്കിയത്.
2004ല്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെ, സിപിഎമ്മിലെ ഡോ. കെ.എസ്. മനോജ് ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചതാണ് മണ്ഡലത്തിലെ ഏറ്റവും വലിയ അട്ടിമറി. സുശീല ഗോപാലന് ശേഷം മണ്ഡലത്തിന് ഒരു വനിതാ ജനപ്രതിനിധി ഇത്തവണ ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. മത ന്യൂനപക്ഷ വോട്ടുകള്‍ എങ്ങനെയും സ്വന്തമാക്കാന്‍ ഇടതുവലതു മുന്നണികള്‍ കുപ്രചാരണങ്ങളും പ്രീണനവും പയറ്റുമ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഇന്‍ഡി സഖ്യത്തിന്റെ പൊള്ളത്തരവും തുറന്നുകാട്ടിയാണ് എന്‍ഡിഎയും ശോഭാ സുരേന്ദ്രനും കളം നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: