ന്യൂദല്‍ഹി : ഒരു രാജ്യം ,ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ കുറിച്ച് പഠിക്കുകയും രാഷ്ട്രീയ കക്ഷികളുമായി ആശയവിനിമയം നടത്താനും നിയോഗിച്ചിരുന്ന മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു രാജ്യം ,ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ കുറിച്ച് സമിതിക്ക് മുന്നില്‍ അഭിപ്രായം പറഞ്ഞ 47 രാഷ്ട്രീയ പാര്‍ട്ടികളില്‍ 32 എണ്ണം ആശയത്തെ പിന്തുണച്ചപ്പോള്‍ 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ആശയത്തെ പിന്തുണച്ച പാര്‍ട്ടികളില്‍ രണ്ടെണ്ണം മാത്രമാണ് ദേശീയ പാര്‍ട്ടികള്‍ – ബി ജെ പിയും ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഭാഗമായ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍ പി പി) പിന്തുണച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ പാര്‍ട്ടി പദവി നല്കിയിട്ടുളള മറ്റ് നാല് പാര്‍ട്ടികളും – കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), സിപിഐ(എം) എന്നിവ ഒരു രാജ്യം ,ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെഎതിര്ത്തു.
രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി 62 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അഭിപ്രായം തേടുകയും 18 പാര്‍ട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.ബി.ജെ.പി.ക്കും എന്‍.പി.പി.ക്കും പുറമെ, ഒരു രാജ്യം ,ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ച പാര്‍ട്ടികളില്‍ എഐഎഡിഎംകെയും ഉള്‍പ്പെടുന്നു. ബിജെപി സഖ്യകക്ഷികളായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് (എജെഎസ്യു), അപ്നാ ദള്‍ (സോണിലാല്‍), ആസാം ഗണ പരിഷത്ത്, ലോക് ജനശക്തി പാര്‍ട്ടി (ആര്), നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (നാഗാലാന്‍ഡ്), സിക്കിം ക്രാന്തികാരി മോര്‍ച്ച, മിസോ നാഷണല്‍ ഫ്രണ്ട്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ ഓഫ് അസം; അടുത്തിടെ എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയ ജെഡിയു,ബിജു ജനതാദള്‍; ശിവസേന (ഷിന്‍ഡെ); അകാലിദള്‍.
നാല് ദേശീയ പാര്‍ട്ടികള്‍ക്ക് പുറമെ എഐയുഡിഎഫ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎംഐഎം, സിപിഐ, ഡിഎംകെ, നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്), സമാഝ് വാദി പാര്‍ട്ടി (എസ്പി) എന്നിവയും ഒരു രാജ്യം ,ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ത്ത പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്നു.
സമിതിയോട് പ്രതികരിക്കാത്ത പ്രമുഖ പാര്‍ട്ടികള്‍ ഭാരത് രാഷ്ട്ര സമിതി, ഐയുഎംഎല്‍, ജെ & കെ നാഷണല്‍ കോണ്‍ഫറന്‍സ്, ജെഡി (എസ്), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ആര്‍ജെഡി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ടിഡിപി, ആര്‍എല്‍ഡി, വൈഎസ്ആര്‍സിപി എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: