ന്യൂദൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപിയുമായിട്ടുള്ള സീറ്റ് പങ്കിടൽ ഫോർമുലയ്‌ക്ക് പാർട്ടി അന്തിമ രൂപം നൽകിയിട്ടുണ്ടെന്നും തന്റെ എല്ലാ ആശങ്കകളും പരിഹരിച്ചതായും എൽജെപി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാൻ പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ സന്ദർശിച്ച പാസ്വാൻ സീറ്റുകൾ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ലോക് ജനശക്തി പാർട്ടിയുടെ മറ്റൊരു വിഭാഗത്തിന്റെ തലവനും ചിരാഗ് പാസ്വാന്റെ അമ്മാവനുമായ പശുപതി പരാസ് പ്രതിനിധീകരിക്കുന്ന ഹാജിപൂർ സീറ്റ് ഒരുകാലത്ത് എൽജെപി സ്ഥാപകനായിരുന്ന രാം വിലാസ് പാസ്വാന്റെ കോട്ടയായിരുന്നു. ഈ ലോക്‌സഭാ സീറ്റ് ഇപ്പോൾ ചിരാഗ് പാസ്വാന് നൽകിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ വിഭജനം എല്ലാ എൻഡിഎ കക്ഷികളും ഔദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. ഇത് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്റെ എല്ലാ ആശങ്കകളും പരിഹരിച്ചു, ഞാൻ തൃപ്തനാണ്,”- ചിരാഗ് പാസ്വാൻ പറഞ്ഞു.
വേർപിരിഞ്ഞ അമ്മാവനും കേന്ദ്രമന്ത്രിയുമായ പരാസ് നയിക്കുന്ന വിഭാഗത്തിന്റെ ഗതിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് തന്റെ ആശങ്കയല്ലെന്ന് ചിരാഗ് പാസ്വാൻ മറുപടി പറഞ്ഞു. എന്റെ പാർട്ടിക്കുള്ള സീറ്റുകൾ എൻ്റേതാണെന്ന് അദ്ദേഹം പറഞ്ഞു. പാരാസിന്റെ നേതൃത്വത്തിലുള്ള ദേശീയ ലോക് ജനശക്തി പാർട്ടിയുടെ അവകാശവാദങ്ങൾ ബിജെപി അവഗണിച്ചിരിക്കാമെന്ന സൂചനയാണുള്ളത്.
പാർട്ടി വൃത്തങ്ങൾ അനുസരിച്ച് ചിരഗ് പാസ്വാന്റെ പാർട്ടിക്ക് മത്സരിക്കാൻ അഞ്ച് മുതൽ ആറ് വരെ ലോക്‌സഭാ സീറ്റുകൾ ലഭിച്ചേക്കും. ബിഹാറിൽ നിന്നുള്ള 40 ലോക്‌സഭാ സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്നും ചിരാഗ് പാസ്വാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചിരാഗ് പാസ്വാൻ മറുപടി നൽകി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ കടക്കുകയെന്ന കാഴ്ചപ്പാട് കൈവരിക്കാൻ എല്ലാ എൻഡിഎ ഘടകകക്ഷികളും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: