ആലപ്പുഴ : ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ തനിക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുത്തത് സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്.
തോട്ടപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. രേഖകളില്ലാതെ താന്‍ ഒരു ആരോപണവും ഉന്നയിക്കില്ല. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. വേണുഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്ന 2004-09 കാലത്ത് രാജ്യത്തെമ്പാടും കോടിക്കണക്കിന് രൂപയുടെ തീവെട്ടിക്കൊള്ളയാണ് നടത്തിയത്. കേരളത്തില്‍ കാസര്‍കോട് മുതലാരംഭിച്ച ഖനനം ആലപ്പുഴയിലും നടന്നു.
തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുമൊത്ത് താനുണ്ടായിരുന്നു. പിണറായിക്കും മകള്‍ക്കുമെതിരെ താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് മുന്‍പ് തന്നെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കിയിരുന്നു. കേരളത്തില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ രഹിതരായി നില്ക്കുമ്പോള് പിന്‍വാതില്‍ നിയമനം നടത്തുകയാണ് പിണറായി സര്‍ക്കാര്‍.
അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പര സഹായ സഹകരണ മുന്നണിയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ ശോഭാ സുരേന്ദ്രന് ആരോപിച്ചിരുന്നു.
കിഷോറാം ഓലയും കെ.സി.വേണുഗോപാലും ചേര്‍ന്ന് രാജ്യാന്തര തലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബിനാമി പേരില്‍ വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത. കെ.സി.വേണുഗോപാല്‍ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയില്‍ നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു. ആരോപണത്തിന് എതിരെ വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരെ ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: