മുംബൈ: ശരദ് പവാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന അധികാരകേന്ദ്രമായ പവാര്‍ കുടുംബക്കോട്ട പിളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആ പിളര്‍പ്പിന്റെ ബാക്കിപത്രമായി രണ്ട് പ്രധാന കുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കരുത്ത് ശരദ് പവാറിന് ഉണ്ടാവില്ല.
ബാരാമതി പവാര്‍ കുടുംബത്തിലെ വര്‍ഷങ്ങളായി ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. അവിടെയാണ് ബിജെപി എതിര്‍പ്പുമായി കടന്നുവരുന്നത്. ഇവിടുത്തെ സിറ്റിംഗ് എംപി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ആണ്. ഇവര്‍ക്കെതിരെ ബാരാമതിയില്‍ മാറ്റുരയ്ക്കുന്നത് മറ്റാരുമല്ല ശരദ് പവാറിന്റെ മരുമകനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍. ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യയ്ക്ക് ഏക്നാഥ് ഷിന്‍ഡേ ശിവസേന ഗ്രൂപ്പിന്റെയും ബിജെപിയുടെയും പിന്തുണ ഉണ്ടാകും.
ബാരാമതിയിലെ ഈ തെരെഞ്ഞെടുപ്പ് പോരാട്ടത്തോടെ ശരദ് പവാര്‍ കുടുംബത്തിന്റെ പിളര്‍പ്പ് കൂറെക്കൂടി ആഴത്തിലാക്കും. ഇതാദ്യമായാണ് രണ്ട് പ്രധാന പവാര്‍ കുടുംബാംഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്.
2019ല്‍ സുപ്രിയ സുലെയുടെ പ്രധാന എതിരാളി ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന് രാഹുല്‍ കൂല് ആയിരുന്നു. അന്ന് സുപ്രിയ സുലെ 1,55,774 വോട്ടുകള്‍ക്കാണ് ജയിച്ചത്. പക്ഷെ ഇക്കുറി ശരദ് പവാറിന്റെ മകള്‍ക്ക് പോരാട്ടവും വിജയവും എളുപ്പമായിരിക്കില്ല.
ആരാണ് സുനേത്ര പവാര്‍?
ശരദ് പവാറിന്റെ മരുമകന് അജിത് പവാറിന്റെ ഭാര്യ എന്നത് മാത്രമല്ല സുനേത്ര പവാറിന്റെ മേല്‍വിലാസം. ഒരിയ്ക്കല്‍ ശരദ് പവാറിന്റെ വലം കയ്യും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പദം സിംഗ് പാട്ടീലിന്റെ സഹോദരി കൂടിയാണ് സുനേത്ര. ജൈവകൃഷി, ജൈവവളം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസന്നദ്ധ സംഘടന നടത്തുന്ന സുനേത്ര ബാരാമതിക്കാര്‍ക്ക് സുപരിചിതയാണ്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണമില്ലാത്ത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്നതിലും സുനേത്ര പവാര്‍ മുന്‍കയ്യെടുക്കുന്നു. വിദ്യാപ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയാണ്. ഫ്രാന്‍സില്‍ നടന്ന ലോക വ്യവസായസംരംഭക ഫോറത്തില്‍ പങ്കെടുത്തിട്ടുണ്ട്.
2019ല്‍ സുപ്രിയ സുലെയോട് തോല്‍വി ഏറ്റുവാങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന് കുലിനെ സുനേത്ര പവാര്‍ കണ്ടിരുന്നു.
ബാരാമതി- ശരദ് പവാര്‍ കോട്ട
1967ല്‍ ആണ് ബാരമതി നിയോജകമണ്ഡലത്തില്‍ നിന്നും ശരദ് പവാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1972,1978, 1980, 1985, 1990 വര്‍ഷങ്ങളില്‍ ശരദ് പവാര്‍ ജയിച്ചു. ഇതേ ബാരാമതി ലോക് സഭാ മണ്ഡലത്തിലും ശരദ് പവാര്‍ 1984,1996, 1998,1999, 2004 വര്‍ഷങ്ങളില്‍ ജയിച്ചു. 2009,2014,2019 വര്‍ഷങ്ങളില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നും സുപ്രിയ സുലെ വിജയിച്ചു. അജിത് പവാര്‍ ബാരാമതി നിമയസഭാ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ എംഎല്‍എ ആയി ജയിച്ചു. ഇപ്പോള്‍ സിറ്റിംഗ് എംഎല്‍എ ആണ് അജിത് പവാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: