ടി.കെ. രവീന്ദ്രന്
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ മൂന്നു രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പായി ഭാരതത്തിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികളായിട്ടുള്ളവര്‍ക്ക് ഭാരത പൗരത്വം നല്‍കുന്നതിനുള്ളതാണ് 2019 ലെ പൗരത്വ നിയമഭേദഗതി നിയമം. ഈ ബില്ല് 2019 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി. 2020 ജനുവരി 10നു നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം തയ്യാറാക്കിയിരുന്നില്ല. അതിന്റെ അന്തിമ കരട് മാര്‍ച്ച് 30 നകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പശ്ചിമബംഗാളിലെ മതുവ സമുദായത്തെ അഭിസംബോധന ചെയ്യവേ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നിതാ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.
പൗരത്വ നിയമം 1955 ന്റെ മൂന്നാം പട്ടികയില്‍ മാറ്റം വരുത്തി മുന്‍പറഞ്ഞ ആറു സമുദായങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് നാച്ചുറലൈസേഷന്‍ (പ്രാകൃതീകരണം) വഴി പൗരത്വത്തിന് അര്‍ഹത നല്കിയിരിക്കുയാണ് ഈ ഭേദഗതി വഴി. 11 വര്‍ഷം എന്നത് അഞ്ചുവര്‍ഷത്തെ താമസകാലാവധി എന്നു മാറ്റുകയും ചെയ്തു. ഏതു വര്‍ഷമാണ് ഭാരതത്തില്‍ വന്നത്, ആ തീയതി മുതല്‍ പൗരത്വം നല്കുന്നതുമാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഭേദഗതി പൗരത്വം നല്കാനുള്ളതാണ്. പൗരത്വം റദ്ദാക്കാനുള്ളതല്ല. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ നിന്നു മതപീഡനം മൂലം ഭാരതത്തില്‍ വന്ന അഭയാര്‍ത്ഥികള്‍ക്കു പൗരത്വം നല്കി ശാശ്വത ആശ്വാസം നല്കാനുള്ളതാണ് ഈ നിയമം. ഈ മൂന്നു രാജ്യങ്ങളിലും ഇസ്ലാം മതം രാഷ്ട്രത്തിന്റെ മതമായി പ്രഖ്യാപിച്ചതാണ്. ഇവിടെ മതേതരത്വം ഇല്ല. അതിനാല്‍ ന്യൂനപക്ഷമായ മുന്‍പറഞ്ഞ ആറ് മതവിഭാഗങ്ങളും നിരന്തരം പീഡനത്തിനു വിധേയരായിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കു സംരക്ഷണം നല്‍കുകയാണ് 2019 ലെ നിയമഭേദഗതികൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
സ്വയം പ്രഖ്യാപിത മുസ്ലിം മതരാജ്യങ്ങളായ പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഒരു അക്രമവും ഒരു മതസ്ഥരില്‍ നിന്നും ഉണ്ടാകില്ല. അതുകൊണ്ട് അവിടങ്ങളില്‍നിന്നു മതപീഡനം മൂലം ഒരു മുസ്ലിമിനും പലായനം ചെയ്യേണ്ടിവരില്ല എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ അവരുടെ പേര് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. അതിനാല്‍ ഈ ആവശ്യം മുന്‍നിര്‍ത്തിയുള്ള സമരം നിഴലിനെ വെടിവക്കുന്നതിനു തുല്യമാണ്. സിഎഎക്കെതിരെ നടന്ന സമരത്തില്‍ ഹിന്ദു പേര് ഉള്‍പ്പെടുത്തിയതായിരുന്നു മറ്റൊരു കാരണം. ഈ മൂന്നു രാജ്യങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. ഈ മൂന്നു രാജ്യങ്ങളിലും ന്യൂനപക്ഷക്കാരായ ആറു മതവിഭാഗത്തില്‍പ്പെട്ട മതപീഡിതരായി പലായനം ചെയ്തവര്‍ക്കാണ് പൗരത്വം നല്കാന് നിയമം അനുശാസിക്കുന്നത്. ഹിന്ദുക്കള്‍ മാത്രം പീഡിതരായി അഭയാര്‍ത്ഥികളായി ഭാരതത്തില്‍ വന്നാല്‍ പൗരത്വം നല്‍കരുതെന്ന വാദംയുക്തിക്കു നിരക്കാത്തതാണ്. ഹിന്ദുക്കള്‍ പിന്നെ എവിടെയാണ് പോകേണ്ടത്? അതിനാല്‍ ഈ രണ്ടു വാദഗതികളും നിരര്‍ത്ഥകമാണ്. നീതിക്കു നിരക്കാത്തതുമാണ്. മുസ്ലിം രാജ്യങ്ങളും അയല്‍രാജ്യങ്ങളുമായ പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ന്യൂനപക്ഷ മതത്തില്‍പ്പെട്ട ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മത വിശ്വാസികളായവര്‍ മതപീഡനത്തിനിരയായി പലായനം ചെയ്ത് അഭയാര്‍ത്ഥികളായി വന്നിട്ടുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മതം രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചാല്‍ ആ മതക്കാര്‍ക്കു മതപീഡനം ഒരിക്കലും അവിടെ അനുഭവിക്കേണ്ടിവരില്ല. അതുകൊണ്ട് അവര്‍ക്ക് ഒരിക്കലും മതപീഡനം മൂലം അഭയാര്‍ത്ഥികളായി മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിയും വരില്ല. ഈ കാര്യം എല്ലാവര്ക്കും അറിയാവുന്നതുമാണ്. പിന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നടത്തുന്ന സമരത്തിന്റെ കാരണം ഒരു ഹിഡന്‍ അജണ്ടയാണ്.
മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കാനുള്ളത് അസ്ഥാനത്താകില്ലെന്നു കരുതുന്നു. ഭാരതം ഞങ്ങള്‍ക്കു വേണ്ടാ, മുസ്ലിം രാജ്യത്തു ജീവിക്കണം എന്നു പറഞ്ഞു പോയവരാണ് ഇക്കൂട്ടര്‍. അവര്‍ക്കു മതത്തിന്റെ പേരില്‍ ഭൂമി പ്രത്യേകം വിട്ടുകൊടുത്തതുമാണ്. പിന്നെ അവര്‍ക്കെന്തിനു ഭാരത പൗരത്വം? മുന്‍ കാണിച്ച ന്യായമായ കാരണത്താല്‍ ഒരു മതരാഷ്ട്രത്തില്‍ നിന്ന് അതേ വിഭാഗക്കാര്‍ പീഡനം മൂലം ഭാരതത്തില്‍ വരുമെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. അത് അസംഭവ്യവുമാണ്. അതുകൊണ്ടുതന്നെ ഈ 2019 ഭേദഗതി നിയമത്തില്‍ മുസ്ലിം പേര് ഉള്‍പ്പെടുത്തേണ്ടതില്ല. ഈ നിയമം മുന്‍ പറഞ്ഞ മൂന്നു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മാത്രമാണ്.
2019 ലെ പൗരത്വ നിയമ ഭേദഗതി നിയമം ഭാരതത്തില്‍ ഇപ്പോള്‍ ഉള്ളവരെ ഒരു തരത്തിലും ബാധിക്കില്ല. മറിച്ചുള്ള പ്രചാരണം സത്യവുമായി ബന്ധമില്ലാത്തതാണ്. ഈ നിയമം ആരെയും പുറത്താക്കാനുള്ളതല്ല. മറിച്ചു പൗരത്വം നല്കാനുള്ളതാണ്. മുസ്ലിങ്ങളെ ഭയപ്പെടുത്തി സമരത്തിന് ആളെ കൂട്ടാനും അവരെ അക്രമത്തിന്റെ കണ്ണിയാക്കാനുമുള്ള നിഗൂഢ ലക്ഷ്യമായിരുന്നില്ലേ? മുസ്ലിങ്ങളെ പുറത്താക്കുമെന്ന തരത്തില്‍ ഇതില്‍ ഒരു വാക്കുപോലുമില്ല. അതാണ് സത്യം. ‘ഭേദഗതി നിയമം 2019’ വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
1955 ലെ സിറ്റിസന്‍ഷിപ്പ് ആക്ട് എന്ന നിയമം രൂപപ്പെടുത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയാണ്. അന്ന് ഇതിനു യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. അന്ന് നല്ലതായിരുന്നത് എങ്ങനെ ഇന്നു ചീത്ത നിയമമാകും. അതിനുശേഷം ആറു നിയമ ഭേദഗതികള്‍ ഇതില്‍ വരുത്തി. അന്നൊക്കെ ആരും ഈ നിയമത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പിന്നീട് 1955 നും 2019 നും ഇടയില്‍ അഞ്ചുനിയമ ഭേദഗതികള്‍ വരുത്തിയിരുന്നു. 1986, 1992, 2003, 2005, 2015 എന്നീ അഞ്ചു ഭേദഗതികള്‍ കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു ഇത് എന്നതും ഓര്‍ക്കണം. നിയമങ്ങള്‍ ഒരു ഒച്ചപ്പാടുമില്ലാതെ പാസ്സായി.
എല്ലാ നിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് ഇതു പൗരത്വ നിയമം 1955നു മാത്രം സംഭവിച്ചതല്ല. ഭാരത ഭരണഘടന തന്നെ എത്ര ഭേദഗതി വരുത്തിയിരിക്കുന്നു. 2019 ലെ ഭേദഗതി വന്നപ്പോള്‍ മാത്രം എന്തിന് ഈ അക്രമവും കോലാഹലങ്ങളും സൃഷ്ടിച്ചു എന്നതില്‍ ആര്‍ക്കും മറുപടിയില്ല. 1955 ലെ ഒറിജിനല്‍ നിയമത്തില്‍ ഇല്ലാത്തതൊന്നും 2019 ലെ ഭേദഗതിയിലില്ല. പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍ നടത്തിയതെന്ന് അത് ചെയ്തവര്‍ക്കു മാത്രമേ അറിയൂ. പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം ഒരു സംസ്ഥാനത്ത് മാത്രം നടപ്പിലാക്കില്ലെന്ന് പറയാന്‍ ഒരു മുഖ്യമന്ത്രിക്കു പറ്റുമോ? മുസ്ലിങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു തട്ടിപ്പായി ഇതിനെ കണ്ടാല്‍ മതി. ഒരു കാര്യംകൂടി ആവര്‍ത്തിച്ചുകൊള്ളട്ടെ. 2019ലെ പൗരത്വ ഭേദഗതി നിയമം പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ സ്വയം പ്രഖ്യാപിത മതരാജ്യങ്ങളില്‍ നിന്ന് അവിടുത്തെ ഭൂരിപക്ഷ മതക്കാരുടെ പീഡനം സഹിക്കവയ്യാതെ ജീവനും കൊണ്ടോടിയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുന്‍ പറഞ്ഞ ആറു മതക്കാര്‍ക്കു പൗരത്വം നല്കാനുള്ളതാണ്. ഇതില്‍ ഒരിടത്തും ഭാരതത്തില്‍ നിലവിലുള്ളവരുടെ പൗരത്വം റദ്ദുചെയ്യുമെന്നു പറഞ്ഞിട്ടില്ല. ഈ നിയമം ആരുടേയും പൗരത്വം റദ്ദാക്കാനുള്ളതല്ല. മറിച്ച് പൗരത്വം നല്കാനുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: