ന്യൂദല്‍ഹി: കടമെടുപ്പു പരിധിയില്‍ കേരളത്തിന് ഇളവനുവദിക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. കോടതി ആവശ്യപ്രകാരമുള്ള രണ്ടാംവട്ട ചര്‍ച്ചയും അനുകൂലമായില്ലെന്ന് കേരളസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്നാലെ കേരളത്തിന് ഇളവനുവദിക്കരുതോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇളവു കൊടുത്താല്‍ മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.
കേരളത്തിന്റെ ആവശ്യം പ്രത്യേകമായെടുത്ത് ഒറ്റത്തവണ പാക്കേജ് അനുവദിച്ചു കൂടേയെന്ന് കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളില്‍ എന്തുചെയ്യാനാകും. ഇപ്പോള്‍ നല്കുന്ന ഇളവിന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താമെന്നു കോടതി പറഞ്ഞു. തുടര്‍ന്ന് ഇന്നു തീരുമാനമറിയിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹാരത്തിന് 26,000 കോടി അടിയന്തര കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 13,608 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയുള്ള കേന്ദ്ര നിര്‍ദേശം കേരളം അംഗീകരിച്ചിരുന്നു. 19,351 കോടി കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം ചര്‍ച്ചകള്‍ നടന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൂടുതല്‍ തുക കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: