തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് മംഗലാപുരത്തേക്കു നീട്ടിയതിന്റെ ഉദ്ഘാടനം ഗുജറാത്ത് അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനാണ് ദീര്‍ഘിപ്പിച്ചത്.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05നു പുറപ്പെട്ട് രാത്രി 11.45ന് കാസര്‍കോട്ടും 12.30ന് മംഗലാപുരത്തുമെത്തും. ഇതോടൊപ്പം കൊല്ലം-തിരുപ്പതി എക്സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തദ്ദേശീയ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് റെയില്‍വെ ആവിഷ്കരിച്ച പദ്ധതിയായ ഒരു സ്റ്റേഷന് ഒരു ഉത്പന്നം വില്‍ക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ആരംഭിച്ച സ്റ്റാളിനും തുടക്കമായി.
പത്ത് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി 1,06,000 കോടിയുടെ വിവിധ റെയില്‍വെ വികസന പദ്ധതികള്‍ക്കു തറക്കല്ലിട്ടു. സമാനതകളില്ലാത്ത വികസന വേഗമാണ് റയില്‍വെയില്‍ രാജ്യം കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഉത്പാദകര്‍ക്ക് അധിക വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതിയുടെ ഭാഗമായി ചണ ഉത്പന്നങ്ങളാണ് സ്റ്റാളില്‍ വില്‍ക്കുന്നത്. ഉദ്ഘാടനത്തിന്റെ തല്‍സമയ സംപ്രേഷണം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എല്‍ഇഡി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍, തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മനീഷ് തപ്യാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: