തൃശൂര്‍: കോണ്‍ഗ്രസിനുള്ളില്‍ തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാണെന്നുള്ള കണ്‍ഫ്യൂഷന്‍ സാധാരണക്കാര്‍ക്കിടയില്‍ ഇപ്പോഴും തുടരുകയാണ്. ഇതോടെ സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കാ’നുള്ള സാധ്യത വര്‍ധിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. മറ്റ് രഹസ്യഅട്ടിമറികളും ധാരണകളും ഇല്ലെങ്കില്‍ സുരേഷ് ഗോപി ജയിക്കുമെന്ന വിശ്വാസം ബിജെപി ക്യാമ്പില്‍ വളരുകയാണ്.
ഏകദേശം മൂന്നര ലക്ഷം പോസ്റ്ററുകളും പതിനായിരക്കണക്കിന് ഹോര്‍ഡിംഗുകളും ചുമരെഴുത്തുകളും ആയി ടി.എന്‍. പ്രതാപന്‍ തൃശൂരില്‍ മുന്നേറിയതിനിടയിലാണ് പൊടുന്നനെ തൃശൂരില്‍ മുരളീധരന്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റഡ് തീരുമാനിച്ചത്. തൃശൂരില്‍ ജില്ലയില്‍ മിക്ക കോണുകളിലും ഇപ്പോഴും ടി.എന്‍. പ്രതാപന്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും ചുമരെഴുത്തുകളും ഹോര്‍ഡിംഗുകളും നിറഞ്ഞിരിക്കുക തന്നെയാണ്. മുരളീധരന്റെ ഹോര്‍ഡിംഗുകള്‍ ഉള്ള പലയിടത്തും ഇപ്പോഴും ടി.എന്‍.പ്രതാപന്റെ ഹോര്‍ഡിംഗുകളും ഉണ്ട്. ഇതോടെ ആരാണ് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന സംശയം സാധാരണക്കാര്‍ക്കിടയില്‍ ഉയരുകയാണ്.
ഇതെല്ലാം സുരേഷ് ഗോപിയ്‌ക്ക് അനുഗ്രഹമായി മാറുകയാണ്. കോണ്‍ഗ്രസിനുള്ളിലെ ഈ കണ്‍ഫ്യൂഷന്‍ തന്നെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് വലിയ അകല്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. അവരില്‍ പലരും അടുക്കും ചിട്ടയോടും കൂടി മുന്നേറുന്ന സുരേഷ് ഗോപിയിലേക്ക് തിരിയുമെന്ന് പറയപ്പെടുന്നു. പത്മജയുടെ ബിജെപിയിലേക്കുള്ള വരവ് കോണ്‍ഗ്രസിനുള്ളിലെ സ്ത്രീകളില്‍ സുരേഷ് ഗോപിയിലേക്ക് തിരിയാന്‍ പ്രേരണയായിട്ടുണ്ടെന്നും പറയുന്നു. കരുവന്നൂരിനെ പ്രതി സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ രഹസ്യധാരണ ഉണ്ടാക്കിയാല്‍ പോലും സുരേഷ് ഗോപി ഈ കോണ്‍ഗ്രസിലെ സ്ത്രീവോട്ടര്‍മാരുടെയും വലിയൊരു ശതമാനം വരുന്ന നിഷ്പക്ഷവോട്ടര്‍മാരുടെയും പിന്തുണയോടെ ജയിച്ചു കയറും എന്നതാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക