ന്യൂദല്‍ഹി: പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ കൊടിയ മതപീഡനം സഹിക്കാന്‍ വയ്യാെത ഭാരതത്തില്‍ അഭയം തേടിയ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനര്‍, ബൗദ്ധര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് പൗരത്വ ഭേദഗതി നിയമം.
കേന്ദ്രം മുന്‍പു പാസാക്കി, കഴിഞ്ഞ ദിവസം ചട്ടങ്ങളും വിജ്ഞാപനം ചെയ്ത നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ല. ഫെഡറലിസത്തിന്റെ പേരിലും മാറി നില്‍ക്കാന്‍ ആവില്ല. എന്തെന്നാല്‍ പൗരത്വം നല്‍കാനും തിരിച്ചെടുക്കാനുമൊക്കെയുള്ള അധികാരം കേന്ദ്രത്തിനു മാത്രമാണ്. ഈ നിയമം കേന്ദ്രം നടപ്പാക്കിയാല്‍ സംസ്ഥാനങ്ങളിലും അത് സ്വാഭാവികമായി ബാധകമാകും.
മുഖ്യമന്ത്രിമാരായ പിണറായി വിജയനും മമത ബാനര്‍ജിയും കേരളത്തിലും ബംഗാളിലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ അത് സാധ്യമല്ല. മാത്രമല്ല അത് ഭരണഘടനാ വിരുദ്ധവുമാണ്.
മൂന്ന് രാജ്യങ്ങളില്‍ നിന്ന് അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്ത് കേരളത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ നിയമം കേരളത്തില്‍ പ്രസക്തമല്ല. എന്നാല്‍ ബംഗാള്‍ അങ്ങനെയല്ല. ബംഗ്ലാദേശില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട, പീഡനത്തില്‍ മടുത്ത് രാജ്യം വിട്ട അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ എത്തിയിട്ടുള്ള സംസ്ഥാനമാണ് ബംഗാള്‍. അതിനാല്‍ ഇങ്ങനെ എത്തിയവര്‍ക്ക് പൗരത്വം നല്‍കിയേപറ്റൂ. ഇതിന് സംസ്ഥാനം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതുമില്ല. വെബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അതത് കളക്ടര്‍മാര്‍ക്ക്. അവരാണ് കേന്ദ്ര നിര്‍ദേശ പ്രകാരം പൗരത്വ അപേക്ഷ പരിശോധിച്ച് മേല്‍ നടപടികള്‍ കൈക്കൊള്ളേണ്ടത്. നിമയത്തില്‍ പറയുന്നതു പോലെ അവര്‍ ചെയ്‌തേ പറ്റൂ.
ഭരണഘടന പ്രകാരം പ്രതിരോധം, വിദേശകാര്യം, പൗരത്വം എന്നിവ കേ്രന്ദത്തിനു മാത്രം അവകാശമുള്ള വിഷയങ്ങളാണ്. ഇവയില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്ര നിയമങ്ങളെ അസാധുവാക്കാനും സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല.
ഇക്കാര്യങ്ങള്‍ മറച്ചുവച്ച്, കേന്ദ്രം മുസ്ലിം പീഡനം നടത്തുന്നു, വര്‍ഗീയത കളിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗത്തെ പരമാവധി പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും മറ്റും ശ്രമിക്കുന്നത്. അങ്ങനെ മുസ്ലിം വോട്ട് പരമാവധി ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിയമം നിലവിലുള്ള ഭാരത പൗരന്മാരായ മുസ്ലിങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും അവരുടെ പൗരത്വം പോലും നഷ്ടമാകുമെന്ന തരത്തിലാണ് കേരളത്തിലെ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക