അഹമ്മദാബാദ്: രാഷ്‌ട്രം കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് തന്റെ സർക്കാർ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ സബർമതി ഏരിയയിൽ നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ നടന്ന ചടങ്ങിൽ 10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുന്നതുൾപ്പെടെ 85,000 കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു.
“ചില ആളുകൾ ഞങ്ങളുടെ ശ്രമങ്ങളെ തിരഞ്ഞെടുപ്പ് ലെൻസിലൂടെ നോക്കാൻ ശ്രമിക്കുന്നു. രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഞങ്ങൾ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതെന്ന് ഞാൻ നിങ്ങളോട് പറയട്ടെ, അല്ലാതെ തിരഞ്ഞെടുപ്പ് വിജയിച്ച് ഒരു സർക്കാർ രൂപീകരിക്കുകയല്ല. കഴിഞ്ഞ തലമുറകൾ അനുഭവിച്ച ദുരനുഭവം യുവാക്കൾ ഇപ്പോൾ അനുഭവിക്കുന്നില്ല, ഇതാണ് മോദിയുടെ ഉറപ്പ്, ”-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ തന്റെ സർക്കാർ റെയിൽവേയുടെ വികസനത്തിനായി നേരത്തെ ചെയ്തതിനേക്കാൾ ആറിരട്ടി തുക ചെലവഴിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2024ലെ രണ്ട് മാസത്തിനുള്ളിൽ 11 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും അടിത്തറയിട്ടതായും അദ്ദേഹം പറഞ്ഞു.
“ഞാൻ എന്റെ ജീവിതം ആരംഭിച്ചത് റെയിൽവേ ട്രാക്കുകളിൽ നിന്നാണ്, അതിനാൽ നമ്മുടെ റെയിൽവേ നേരത്തെ എത്ര മോശമായിരുന്നുവെന്ന് എനിക്കറിയാം,”- അദ്ദേഹം പറഞ്ഞു.
റെയിൽവേയുടെ വികസനത്തിന് സർക്കാർ പണം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് താൻ പ്രത്യേക റെയിൽവേ ബജറ്റ് നിർത്തലാക്കിയതെന്നും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും മോദി പറഞ്ഞു.
ഇതുവരെ 350 ‘ആസ്ത’ ട്രെയിനുകൾ വഴി 4.5 ലക്ഷം പേർക്ക് അയോധ്യ സന്ദർശിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: