കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനും ലോക്‌സഭയിലെ പാര്‍ട്ടി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി. ഇന്‍ഡി മുന്നണി തകര്‍ന്നെന്നും മമതയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലേയ്‌ക്കും ഏകപക്ഷീയമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മുന്‍ ക്രിക്കറ്റ്താരം യൂസഫ് പഠാനെയാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ പ്രകോപിപ്പിച്ചത്.
വിശ്വസിക്കാന്‍ സാധിക്കാത്ത രാഷ്‌ട്രീയക്കാരിയാണ് മമതാ ബാനര്‍ജിയെന്ന് തെളിയിച്ചിരിക്കുകയാണ്. ബിജെപിക്ക് വേണ്ടി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമണെന്ന കാര്യം മമത മറന്നു. അവര്‍ സഖ്യത്തിന് തുരങ്കം വച്ചിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. എല്ലാവരോടും ഇക്കാര്യം പറയുകയും ചെയ്തിരുന്നതാണ്. എന്നാല്‍ എന്റെ പാര്‍ട്ടി മറ്റൊരു തലത്തിലായിരുന്നു. യൂസഫ് പഠാനെന്നല്ല ആര് എതിരായി മത്സരിച്ചാലും പ്രശ്‌നമല്ലെന്നും അധീര്‍ രഞ്ജന്‍ പറഞ്ഞു.
പഠാനെ എംപിയാക്കണമെന്ന് ടിഎംസിക്ക് താത്പര്യമുണ്ടെങ്കില്‍ ഈയിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ അയയ്‌ക്കണമായിരുന്നു. അല്ലെങ്കില്‍ ഇന്‍ഡി സഖ്യത്തില്‍ ഗുജറാത്തില്‍ മത്സരിപ്പിക്കാമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ സഹായിക്കാനും മാത്രമെ ഉപകരിക്കുകയുള്ളു. താന്‍ ബിജെപിക്കെതിരായ മുന്നണിക്കൊപ്പമില്ലെന്നും തന്നോട് അനി
ഷ്ടം തോന്നരുതെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കാനാണ് മമത ശ്രമിക്കുന്നതെന്നും അധീര്‍ കുറ്റപ്പെടുത്തി.
അതേസമയം മേഘാലയയില്‍ കോണ്‍ഗ്രസ് ഏകപക്ഷിയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ടിഎംസി നേതാവും മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായ മുകുള്‍ സാംഗ്മ പറഞ്ഞു. എന്താണ് താഴെക്കിടയില്‍ സംഭവിക്കുന്നതെന്നും അവര്‍ക്കറിയാന്‍ പാടില്ല. അവര്‍ മേഘാലയില്‍ എന്താണ് ചെയ്തതെന്ന് സ്വയം ആലോചിക്കണമെന്നും സാംഗ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: