കിളിമാനൂര്‍: വിധവാ പെന്ഷന് കിട്ടിയിട്ട് മാസങ്ങളായി സാറേ… പുല്ലു പറിച്ചാല്‍ 150-200 രൂപ കിട്ടും. അതാണ് സാറേ വയ്യെങ്കിലും വയസാന്കാലത്തും പുല്ലുപറിക്കാന്‍ ഇറങ്ങുന്നത്. ഇത് ഗോമതി (68)എന്ന വൃദ്ധയുടെ പരിേദവനം.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയം കാരണം സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളായി. കിളിമാനൂര്‍ ചൂട്ടയില്‍ തുണ്ടുവിളാകം വീട്ടില്‍ ഗോമതിയെ പോലെ പെന്ഷന് കിട്ടാത്തതുമൂലം ദുരിതം അനുഭവിക്കുന്നവര്‍ നിരവധിയാണ്.
എണ്ണിചുട്ട അപ്പം പോലെ മാസംതോറും കിട്ടുന്ന 1600 രൂപ മനസില്‍ കണ്ട് സ്വപ്നങ്ങള്‍ നെയ്ത് വച്ചിരിക്കുന്ന പതിനായിരങ്ങളാണുള്ളത്. അതിലൊരാളാണ് ഗോമതി. വരള്‍ച്ചയുടെ നടുവിലും രാവിലെ പച്ച പുല്ലുള്ളിടം തേടി ഇറങ്ങും. ഒരാള്ക്കെടുക്കാവുന്ന അത്രയും ചെറിയ കെട്ടുകളാക്കി ഒന്നിച്ച് കെട്ടി പതിവായെത്തുന്ന ആവശ്യക്കാരന് കൊടുക്കും. ഭര്‍ത്താവും മകനും മരിച്ചുപോയി.
രണ്ട് പെണ്മക്കളില് ഒരാള്‍ ചാലക്കുടിയിലും മറ്റൊരാള്‍ നാട്ടിലും വിവാഹിതരായി കഴിയുന്നു. ഒറ്റയ്ക്കാണ് താമസം. വേനല്‍ കടുക്കുന്നതോടെ പുല്ലെല്ലാം കരിയുമെന്നും ജീവിതം ദുസ്സഹമാകുമെന്നും അതിനിടയില്‍ പെന്ഷന് കിട്ടാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിക്കുകയാണെന്നും ഗോമതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: