തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം നേരിടുന്നയാള്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍. കരുവന്നൂര്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നടന്ന കോടികളുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി തവണ ഇഡി ചോദ്യം ചെയ്ത എം.കെ.കണ്ണനാണ് തൃശ്ശൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍.
കണ്ണന് പ്രസിഡണ്ടായ തൃശ്ശൂര്‍ സഹകരണ ബാങ്കിലും കരുവന്നൂരിലെ മുഖ്യപ്രതി സതീഷ് കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. കണ്ണന്റെ അറിവോടെയാണ് ഇടപാടുകള്‍ നടന്നതെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ഇദ്ദേഹത്തെ എറണാകുളത്ത് ഇഡി ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു. ഇനിയും വിളിപ്പിക്കുമെന്നും കണ്ണന് കേസില്‍ പ്രതിയാകുമെന്നുമുള്ള സൂചനയാണ് ഇഡി നല്‍കുന്നത്.
കേരള ബാങ്കിന്റെ വൈസ് ചെയര്മാന് കൂടിയാണ് കണ്ണന്. കേരള ബാങ്കിലും തൃശ്ശൂര്‍ സഹകരണ ബാങ്കിലും വായ്പകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരുടെ ആധാരങ്ങള്‍ കൈക്കലാക്കി സതീഷ് കുമാറും കണ്ണനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട് . ഈ കേസുകളും ഇഡി അന്വേഷിച്ചു വരികയാണ്.
നോട്ട് നിരോധന കാലത്ത് വന്‍തോതില്‍ കള്ളപ്പണം കണ്ണന് പ്രസിഡണ്ട് ആയ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ എത്തിച്ചു വെളുപ്പിച്ചെടുത്തുവെന്നാണ് ഇഡി കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സഹകരണ ബാങ്കിലെ നൂറുകണക്കിന് ഫയലുകളും ഇഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: