ചാലക്കുടി: വനിതാ ദിനത്തില്‍ അതിരപ്പിള്ളി വനവാസി ഊരില്‍ പതിനേഴുകാരിയെ നിരവധി പേര് ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. അവശയായ പെണ്‍കുട്ടി ചാലക്കുടി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റുള്ളവരും നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളിലെ ഈറ്റക്കാടിനുള്ളില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് വെറ്റിലപ്പാറ ആരോഗ്യകേന്ദ്രത്തിലും അവിടെ നിന്ന് രാത്രി എട്ടരയോടെ ചാലക്കുടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തായത്.
തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഇവര്‍ താമസിക്കുന്ന ഊരിനടുത്തുള്ള ഒരാള്‍ കൂട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും ക്രൂരത കാട്ടിയതായി പെണ്‍കുട്ടി മൊഴി നല്കി. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേരെ കുറിച്ച് സൂചനയില്ല. പിടിയിലായ പ്രതി നാട്ടുകാരനാണ്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം പുറത്ത് വരികയുള്ളൂ.
അതേസമയം സംഭവത്തില്‍ പോലീസ് അലംഭാവം കാട്ടിയതായി ആരോപണം ഉയരുന്നുണ്ട്. സംഭവ ദിവസം തന്നെ ഡോക്ടര്‍മാര്‍ വിവരമറിയിച്ചെങ്കിലും ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ചാലക്കുടി പോലീസ് മൊഴിയെടുക്കാന്‍ എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലാതെ ഒരാളില്‍ മാത്രം കേസ് ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. വാര്‍ത്ത പുറത്തായപ്പോള്‍ മാത്രമാണ് പോലീസ് മൊഴിയെടുക്കാന്‍ തയ്യാറായതെന്ന് പെണ്‍കുട്ടിയുടെ അച്ഛന് ആരോപിച്ചു.
പല കാരണങ്ങള്‍ പറഞ്ഞ് കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസിന്റെ ശ്രമം. പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സംഭവം നിസാരമായി കാണാനാണ് പോലീസ് ശ്രമം. സംഭവത്തില്‍ പങ്കുള്ള മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു.
അതേമസമയം പതിനെഴുകാരിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി
ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്ന് പേര് മദ്യം നല്കി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഡിവൈഎഫ്ഐക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഡിവൈഎസ്പി ഓഫീസിന് മുന്നിലെത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി. വി. പ്രജിത്ത് അധ്യക്ഷനായി. ഇന്ദു ഷണ്മുഖന്, വൃന്ദ മധു, സുമിത ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: