പത്തനംതിട്ട: ജയില്‍ മോചിതനായിട്ടും ദയാധനം നല്കാന് കഴിയാതെ ഖത്തറില്‍ തുടരേണ്ടി വന്ന തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ശ്യാംകൃഷ്ണന് ഇന്ന് നാട്ടില്‍ മടങ്ങിയെത്തും. 2013ലാണ് എസി മെക്കാനിക് ആയി ശ്യാം ഖത്തറില്‍ എത്തുന്നത്. സഹപ്രവര്‍ത്തകനായ റിസ്വാന് ഉള് ഹഖുമായി അവിചാരിതമായുണ്ടായ വാക്കുതര്‍ക്കമാണ് ശ്യാമിന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയത്.
വഴക്കിനിടെ റിസ്വാന് കൊല്ലപ്പെടുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ശ്യാമിന്റെ മോചനത്തിനായി ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകരായ ഗോവിന്ദന്‍കുട്ടിയും നൗഷാദും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ(ഐസിബിഎഫ്) സഹായത്തോടെ നടത്തിയ ഇടപെടലില്‍ റിസ്വാന്റെ കുടുംബത്തിനു രണ്ടു ലക്ഷം റിയാല്‍(45 ലക്ഷം രൂപ) ദയാധനമായി നല്‍കാമെന്ന ഉറപ്പില്‍ ഖത്തര്‍ കോടതി ശിക്ഷ ഇളവു ചെയ്തു. ഐസിബിഎഫിന്റെ സജീവ പ്രവര്‍ത്തകനായ അഡ്വ. ജാഫര്‍ ഖാനാണ് ഭാരത എംബസിയുടെ സഹായത്തോടെ നിയമസഹായം നല്‍കിയത്.
അഞ്ചു വര്‍ഷത്തെ തടവു പൂര്‍ത്തിയാക്കി 2021ല്‍ മോചിതനായെങ്കിലും ദയാധനം നല്കാത്തതിനാല് ഖത്തര്‍ വിട്ടു പോരാന്‍ ശ്യാമിന് കഴിയുമായിരുന്നില്ല. ഇത്രയും പണം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ദയാധനമായി ഒരു ലക്ഷം റിയാല്‍ (22.5 ലക്ഷം രൂപ) മതിയെന്ന് മധ്യപ്രദേശിലുള്ള റിസ്വാന്റെ ബന്ധുക്കള്‍ ദോഹയിലെ ക്രിമിനല്‍ കോടതിയെ അറിയിച്ചു. കോടതി ഇത് അംഗീകരിച്ചതോടെ ഖത്തറിലെ ജീവകാരുണ്യ സംഘടനയായ പുനര്‍ജ്ജനി ഈ തുക റിസ്വാന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇതാണ് നാട്ടിലേക്കെത്താന്‍ ശ്യാമിനു വഴി തുറന്നത്.
ഇന്ന് രാവിലെ ഖത്തര്‍ സമയം ആറിനു ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ ശ്യാം തിരുവനന്തപുരത്തേക്കു തിരിക്കും. ഐസിബിഎഫ് ഭാരവാഹികളായ സതീശ്, വിശ്വനാഥ് എന്നിവര്‍ ശ്യാമിനെ യാത്രയാക്കാനെത്തും. ഉച്ചയ്ക്ക് രണ്ടിനു തിരുവനന്തപുരത്ത് എത്തുന്ന ശ്യാമിനെ ദീര്‍ഘകാലം ഖത്തറില്‍ പുനര്‍ജനിയ്ക്കു നേതൃത്വം നല്കിയ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: