കണ്ണൂര്‍: സംസ്ഥാനത്തെ ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് 50000ല്‍ അധികം പണം പിന്‍വലിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ട്രഷറികളിലെ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ദുരിതമായി.
സ്ഥിര നിക്ഷേപമായും മറ്റും പണം നിക്ഷേപിച്ചവരാണ് മക്കളുടെ കല്ല്യാണ ആവശ്യങ്ങള്‍ക്കും അടിയന്തര ചികിത്സകള്‍ക്കും നിര്‍മാണ പ്രവര്ത്തികള്ക്കുമടക്കം പണം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സര്‍ക്കാര്‍ നടപടി തിരിച്ചടിയായിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സ്വരുക്കൂട്ടി വച്ചിരിക്കുന്ന സാധാരണക്കാരടക്കമുള്ളവരുടെ തുകയാണ് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ശമ്പളം മുടങ്ങിയത് മാത്രം ചര്‍ച്ചയാവുന്നതിനാല്‍ തങ്ങളുടെ ദുരിതം കാണാന്‍ ആരുമില്ലെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരുടെ ശമ്പളം എത്തിച്ചേരുന്ന ഇടിഎസ്പി പെന്‍ഷന്‍കാരുടെ പെന്ഷന് എത്തിച്ചേരുന്ന പിടിഎസ്പി എന്നീ അക്കൗണ്ടുകളില്‍ നിന്ന് പ്രതിദിനം 50,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പറ്റൂ എന്ന ഉത്തരവ് ട്രഷറികളിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും ബാധകമാണെന്നതാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന പ്രതിസന്ധിയായി ട്രഷറി നിയന്ത്രണം മാറിയിരിക്കുന്നത്. സ്ഥിര നിക്ഷേപകരുടെ പ്രതിമാസ പലിശ ക്രെഡിറ്റ് ആകുന്ന ടിഎസ്ബി അക്കൗണ്ടുകള്‍ക്കാണ് മറ്റ് രണ്ട് അക്കൗണ്ടുകള്‍ക്ക് സമാനമായി പ്രതിദിനം 50,000 രൂപ മാത്രം പിന്‍വലിക്കാം എന്ന തരത്തില്‍ നിയന്ത്രണം വന്നിരിക്കുന്നത്. ഇടിഎസ്പി, പിടിഎസ്പി അക്കൗണ്ടുകളില്‍ നിന്നും 50,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പറ്റൂ എന്നായിരുന്നു ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായാണ് മറ്റ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും തടസം വന്നിരിക്കുന്നത്.
മാത്രമല്ല ഒന്നാം തീയ്യതി ശമ്പളം പാസായി ആറു ദിവസം പിന്നിട്ടിട്ടും ഇടിഎസ്പി അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിയിട്ടില്ലാത്ത നിരവധി പേര് സംസ്ഥാനത്താകമാനം ഉണ്ട്. ഈ മാസം അക്കൗണ്ടിലെത്തിയ ശമ്പളമോ പെന്‍ഷനോ മാത്രമല്ല ഫലത്തില്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. എല്ലാതരം അക്കൗണ്ടുകളിലും നിലവില്‍ ഉണ്ടായിരുന്ന നീക്കിയിരിപ്പ് തുക കൂടിയാണ് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്.
ഒരു ജീവനക്കാരന്റെയോ അല്ലെങ്കില്‍ പെന്‍ഷന്‍കാരന്റെയോ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 5 ലക്ഷം രൂപ പിന്‍വലിക്കണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്ത് ദിവസം ട്രഷറി കയറി ഇറങ്ങണം. ഇടിഎസ്ബിയില്‍ കിടക്കുന്ന പിഎഫില്‍ നിന്നുള്ള പിന്‍വലിക്കല്‍/ക്ലോഷര്‍, ടിഎസ്ബിയില്‍ കിടക്കുന്ന സ്ഥിരനിക്ഷേപം അവസാനിപ്പിച്ച് ഇട്ടിരിക്കുന്ന തുക, പിടിഎസ്പിയില് കിടക്കുന്ന കമ്മ്യൂട്ടേഷനും ഗ്രാറ്റിവിറ്റിയും ഉള്‍പ്പെടുന്ന പെന്ഷന് ആനുകൂല്യങ്ങള്‍ ഇവയെല്ലാം തടഞ്ഞ് വയ്കപ്പെട്ടിരിക്കുന്നവയില് ഉള്‍പ്പെടുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: