ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വത്തിനു പദ്ധതിയിടുന്ന ചൈനയ്‌ക്കും അവരെ പിന്തുണയ്‌ക്കുന്ന മാലദ്വീപിനും തിരിച്ചടി കൊടുത്ത് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഭാരതം ‘ഐഎന്‍എസ് ജടായു’ നേവല്‍ ബേസ് ആരംഭിക്കുന്നു. കമ്മിഷനിങ് ഇന്ന് 11.30നു നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നിര്‍വഹിക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ മുഖ്യാതിഥിയാകും. ഉന്നത നാവികോദ്യോഗസ്ഥരും രാജ്യത്തിന്റെ അഭിമാന വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തും സാക്ഷ്യം വഹിക്കും.
1980 മുതല്‍ ലക്ഷദ്വീപില്‍ നാവിക സ്റ്റേഷനുകളുണ്ട്. ദ്വീപിനോട് ഏറ്റവും അടുത്ത രാജ്യമായ മാലദ്വീപിലെ പുതിയ പ്രസിഡന്റ് മുഹമ്മദ് മൊയ്സു ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴാണ് ഭാരതം ദ്വീപില്‍ പെട്ടെന്നു നേവല്‍ ബേസ് സ്ഥാപിച്ചത്. ലക്ഷദ്വീപിലെ 36 ദ്വീപുകളില്‍ മാലദ്വീപിനോട് ഏറ്റവും അടുത്ത മിനിക്കോയിയിലാണ് നാവികത്താവളമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത്, കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തിനു കീഴിലും. 8 ഡിഗ്രി, 9 ഡിഗ്രി അന്താരാഷ്‌ട്ര കപ്പല്‍ച്ചാനലുകള്‍ കടന്നുപോകുന്നതും മിനിക്കോയിക്കരികിലൂടെയാണ്. അതിനാല്‍ അറബിക്കടലിലെ ചലനങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മിനിക്കോയിയിലെ നേവല്‍ ബേസിനു കഴിയും. പാകിസ്ഥാന്‍ കേന്ദ്രമായി അറബിക്കടലിലൂടെ വലിയ തോതിലുള്ള ലഹരി മരുന്നു കടത്തും കള്ളക്കടത്തും തടയാനാകും വിധമാണ് നേവല്‍ ബേസ് നിര്‍മാണം. ‘സ്ട്രിങ് ഓഫ് പേള്‍സ്’ എന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തെ വളയുകയെന്ന ലക്ഷ്യത്തോടെയുള്ള ചൈനയുടെ നീക്കങ്ങള്‍ക്കു മിനിക്കോയ് നേവല്‍ ബേസിലൂടെ രാജ്യം ശക്തമായ മറുപടി നല്കുന്നു.
മിനിക്കോയിയില്‍ വിവിധോദ്ദേശ്യ വിമാനത്താവളം നിര്‍മിക്കണമെന്ന് 15 വര്‍ഷം മുമ്പ് കോസ്റ്റ് ഗാര്‍ഡ്, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരാണ് മിനിക്കോയിയുടെ പ്രതിരോധ പ്രാധാന്യം കണക്കാക്കി നടപടികള്‍ ആരംഭിച്ചത്.
കോസ്റ്റ് ഗാര്‍ഡിനും ഉപയോഗിക്കാനാകും വിധമാണ് ഐഎന്‍എസ് ജടായു ഡിസൈനിങ്. ലക്ഷദ്വീപിലേക്കുള്ള സിവിലിയന്‍ വിമാനങ്ങള്‍ക്കും പറ്റുന്ന എയര്‍പോര്‍ട്ടാണ് ഇവിടെ വികസിപ്പിക്കുക. ശ്രീനഗര്‍ വിമാനത്താവള മാതൃകയിലാകും ഇതിന്റെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: