തിരുവനന്തപുരം: ലോകമെമ്പാടും സോഫ്റ്റ്വെയര് മേഖലയില്‍ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞെന്നും വിദേശത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് അനുഭവിക്കാന്‍ സാധിക്കുന്നതായും ഇന്‍ഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയന് പിള്ള പറഞ്ഞു.
അത് സാധ്യമായത് വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യവികസനവും നവീന ആശയങ്ങളെ സ്വാംശീകരിക്കാനും കഴിഞ്ഞത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനിയ സമിതിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അജയന് പിള്ള.
കമ്പ്യൂട്ടറൈസേഷന് കാലത്ത് തൊഴില്‍ നഷ്ടപ്പെടും എന്ന മുറവിളികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ കൂടൂകയാണ് ഉണ്ടായത്. അതു പോലെയാണ് ഓട്ടോമേഷന്റെ കാര്യവും. ചടുലതയും ഉത്പാദനക്ഷമതയും പുതിയ ലോകത്ത് മത്സരിക്കാന്‍ അനിവാര്യ ഘടകങ്ങളാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും അര്‍ത്ഥശൂന്യമായി കക്ഷിരാഷ്ട്രീയം കളിച്ചു നടക്കാതെ ലക്ഷ്യബോധത്തോടെ നൈപുണ്യവികസനവും മത്സരക്ഷമതയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് ഭൗതിക ഘടകങ്ങള്‍ മാത്രമല്ല ഭൗതികേതര ഘടകങ്ങളും കണക്കിലെടുക്കേണ്ടതാണന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അഭിപ്രായപ്പെട്ടു. വികസിത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുമ്പോള്‍ തന്നെ അതിന്റെ സാംസ്കാരിക അധിഷ്ഠാനത്തിനും ഊന്നല്‍ നല്കുന്നുവെന്നതാണ് പ്രധാനമന്ത്രി നരന്ദ്രേ മോദിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡന്റ് എം. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത്കുമാര്‍ വി., രാജീവ്ചന്ദ്ര സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: