ചെന്നൈ: ശ്രീരാമനെയും ഭാരതമാതാവിനെയും അവഹേളിച്ചും ഭാരതം ഒരു രാജ്യമല്ല, ഉപഭൂഖണ്ഡമാണെന്ന വിഘടനവാദമുയര്‍ത്തിയും ഇന്‍ഡി സഖ്യത്തിലെ പ്രധാന കക്ഷിയായ ഡിഎംകെ. മധുരയില്‍ ഡിഎംകെ പൊതുസമ്മേളനത്തിലാണ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ എ. രാജ നയം വ്യക്തമാക്കി വിദ്വേഷ പ്രസംഗം നടത്തിയത്. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ അവഹേളിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച സുപ്രീംകോടതി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഎംകെ നേതാവ് വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്.
ബിജെപിയുടെ ജയ് ശ്രീറാം, ഭാരത് മാതാ എന്നീ ആശയങ്ങള്‍ തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ല. ‘മധുരയിലെ പൊതുപരിപാടിയില്‍ ഒരു കേന്ദ്ര മന്ത്രി പറയുകയുണ്ടായി ഇതാണ് ദൈവം, ഇതാണ് ജയ് ശ്രീറാം, ഇതാണ് ഭാരത് മാതാ കീ ജയ്. ഭാരത് മാതാവിനെയും ജയ് ശ്രീറാമിനെയും സ്വീകരിക്കുക. എന്നാല്‍ തമിഴ്‌നാട് ഒരിക്കലും അങ്ങനെ ചെയ്യില്ല.’
‘ആരാണ് രാമന്റെ ശത്രു? രാമന്‍ സീതയോടൊപ്പം കാട്ടില്‍ പോയ കഥ എന്റെ തമിഴ് ടീച്ചര്‍ പറഞ്ഞുതന്നിട്ടുണ്ട്. ആ യാത്രയില്‍ അവര്‍ കണ്ടുമുട്ടിയ ഒരു വേട്ടക്കാരനെ ഉള്‍ക്കൊണ്ടു. സുഗ്രീവനെയും വിഭീഷണനെയും സഹോദരങ്ങളായി സ്വീകരിക്കാന്‍ തയ്യാറായി. അവിടെ ജാതിയോ മതമോ ഇല്ല. എനിക്ക് രാമനേയോ രാമായണമോ അറിയില്ല, ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഇന്ത്യ എന്നത് ഒരു രാജ്യമല്ല, ഒരു ഉപഭൂഖണ്ഡമാണ്. കാരണം ഒരു രാജ്യം എന്നാല്‍ ഒരു ഭാഷ, ഒരു പാരമ്പര്യം, ഒരു സംസ്‌കാരം എന്നിവയാണ്. അപ്പോള്‍ ഇന്ത്യ ഒരു രാജ്യമല്ല ഉപഭൂഖണ്ഡമാണ്.’ തുടങ്ങി വിഘടനവാദവും രാജ ഉയര്‍ത്തി.
എ. രാജയുടെ വിദ്വേഷ പ്രസംഗത്തെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രൂക്ഷമായി വിമര്‍ശിച്ചു. ശ്രീരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് രാജ ചെയ്തത്. ഡിഎംകെ നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നിര്‍ബാധം തുടരുന്നു. ഭഗവാന്‍ രാമനെ പരിഹസിക്കുകയും മണിപ്പൂരികളെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് എ. രാജ ചെയ്തത്. ഭാരതം ഒരു രാഷ്‌ട്രമെന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസും മറ്റ് ഇന്‍ഡി സഖ്യകക്ഷികളും നിശബ്ദരാണ്. രാഹുല്‍ ഗാന്ധി, അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മൗനം വാചാലമാണെന്നും അമിത് മാളവ്യ എക്‌സില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: