ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെയുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ സുപ്രീം കോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടു നിര്‍ദേശിച്ചു. കേന്ദ്രം ഇടപെട്ട്, ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കുകള്‍ നിശ്ചയിക്കാനാണ് ജസ്റ്റിസ് ബി. ആര്. ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ഉത്തരവ്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച്, ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്ക് നിര്‍ണയിക്കണം. തുടര്‍ന്ന് കൃത്യമായ നിരക്ക് വിജ്ഞാപനം ചെയ്യണം. കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിശ്ചയിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2012ലെ നിയമപ്രകാരം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നിരക്ക് നിര്‍ണയിച്ച് അത് വിജ്ഞാപനം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ 12 സംസ്ഥാന സര്‍ക്കാരുകളും ഏഴു കേന്ദ്ര ഭരണപ്രദേശങ്ങളും മാത്രമേ ഈ നിയമം സ്വീകരിച്ചിട്ടുള്ളുവെന്ന് കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു. പല തവണ കത്തെഴുതിയിട്ടും മറ്റു സംസ്ഥാനങ്ങള്‍ ഈ നിയമം സ്വീകരിക്കുകയോ വിഷയവുമായി മുന്നോട്ടുവരികയോ ചെയ്തിട്ടില്ല. അതിനാല്‍ ചികിത്സാ നിരക്ക് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല.
ആരോഗ്യ മന്ത്രാലയം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഓണ്‍ ലൈന്‍ മീറ്റിങ് മതി. ഉടന്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് താങ്ങാവുന്ന ചികില്‍സാ നിരക്ക് നിശ്ചയിക്കണം.
സുവ്യക്തമായ ഈ നിര്‍ദേശം കേസ് വീണ്ടും പരിഗണിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണം. ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യപദ്ധതി (സിജിഎച്ച്എസ്)ക്കു കീഴിലുള്ള ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ ഇവിടങ്ങളിലെ നിരക്ക് തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോഗം ചേര്‍ന്ന് വ്യക്തമായ നിര്‍ദേശം തയാറാക്കി നല്‍കിയില്ലെങ്കില്‍ കേന്ദ്രം പ്രഖ്യാപിച്ച നിരക്ക് രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ബാധകമാക്കി ഇടക്കാല ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നല്കി. കേസ് ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: