ശിവഗിരി : കലാലയ രാഷ്ട്രീയം കൊലാലയ രാഷ്ട്രീയമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കലാലയങ്ങളില്‍ രാഷ്ട്രീയം ആവശ്യമാണോന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി.
കലാലയങ്ങളില്‍ മര്‍ദ്ദന മുറകളും കഠാരപ്രയോഗവും സര്‍വ്വ സാധാരണമായിരിക്കുകയാണ്. വിദ്യാര്‍ത്ഥിസംഘടനകള്‍ക്കു പിന്നിലുളള രാഷ്ട്രീയ പാര്‍ട്ടികള്‍ കുട്ടികുരങ്ങനെ കൊണ്ടു ചോറു വാരിക്കുന്നതു പോലെ അക്രമ രാഷ്ട്രീയ പരിശീലനം പ്രേരിപ്പിക്കുന്നു. വെറ്റനറി കോളേജില്‍ ഒരു യുവാവിനെ മൂന്നു ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചിട്ടും അതൊന്നു മൊബൈലില്‍ പകര്‍ത്താനോ എതിര്‍ക്കാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ ഒരു വിദ്യാര്‍ത്ഥി സംഘടനയും മുന്നോട്ടു വന്നില്ലായെന്നതു രാഷ്ട്രീയ ഭീകരത ബോധ്യപ്പെടുത്തുന്നതാണ്.
കേരളത്തില്‍ എന്തു കണ്ടാലും പ്രതികരിക്കുന്ന സാംസ്കാരിക നായകന്മാര് എവിടെപ്പോയി ഒളിച്ചു. കാര്യത്തോടടുക്കുമ്പോള്‍ സ്വന്തം മുഖം പൂഴ്ത്തി വയ്ക്കുന്ന ഇവരൊക്കെ സാക്ഷരതാ കേരളത്തിന് അപമാനമാണ്. സംഭവം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികരിക്കേണ്ടവര് പ്രതികരിക്കാത്തതില്‍ ഖേദം തോന്നുന്നു. കലാലയ രാഷ്ട്രീയം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതിന് നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. ഇതവസാനിപ്പിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ഗവണ്മെന്റും മുന്നോട്ടു വരണമെന്നും ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാലവിളംബം വരുത്തിയവര്‍ക്കും സാക്ഷ്യം വഹിച്ച വിദ്യാര്‍ത്ഥികള്‍ക്കും വെറ്റനറി കോളേജില്‍ തുടരാന്‍ ധാര്‍മ്മികത നഷ്ടമായിരിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശിവഗിരിമഠം അനുശോചിക്കുകയും ആത്മാവിനു ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: