ദുബായ്: ടൂറിസം രംഗത്ത് വൻ കുതിപ്പ് നടത്തി സൗദി അറേബ്യ. ഈ മികവാർന്ന പ്രകടനത്തെ യുഎൻ ടൂറിസം വിഭാഗം സൗദിയെ അനുമോദിച്ചു. മൊത്തം 67 ബില്യൺ ഡോളർ (246 ബില്യൺ ദിർഹം) ചെലവഴിച്ച് 100 ദശലക്ഷത്തിലധികം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾക്കാണ് സൗദി അടുത്തിടെ ആതിഥേയത്വം വഹിച്ചത്.
ജിഡിപിയിൽ ടൂറിസം മേഖലയുടെ നേരിട്ടുള്ള സംഭാവന നാല് ശതമാനം കവിയുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ഇതെല്ലാം രാജ്യം അതിന്റെ പ്രതിരോധശേഷി, നൂതനത്വം, മികവിനോടുള്ള പ്രതിബദ്ധത എന്നിവ പ്രകടമാക്കിയെന്ന് യുഎന്നിന്റെ പ്രസ്താവനയിൽ പറയുന്നു.
കൂടാതെ 2023-ൽ ടൂറിസം ആക്ടിവിറ്റി ലൈസൻസുകൾക്കായുള്ള ഡിമാൻഡിൽ 390 ശതമാനം വർദ്ധനവുണ്ട്. ഇതിനു പുറമെ എണ്ണ ഇതര മൊത്ത മൂല്യവർദ്ധനവിലേക്ക് (ജിവിഎ) ടൂറിസത്തിന്റെ സംഭാവന ഏഴ് ശതമാനം കവിഞ്ഞെന്നും ഇത് സൗദി അറേബ്യയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി.
2019-നെ അപേക്ഷിച്ച് 2023-ലെ അന്താരാഷ്‌ട്ര വിനോദസഞ്ചാര വളർച്ചാ നിരക്കിൽ ജി20 രാജ്യങ്ങളിൽ സൗദി മുൻനിര സ്ഥാനത്താണുള്ളത്. 2019-ലെ പകർച്ചവ്യാധിക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് 2023-ൽ മിഡിൽ ഈസ്റ്റ് ഇപ്പോൾ ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ വരവിൽ 122 ശതമാനം വർധനവുണ്ട്. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് ഇതെല്ലാം നടപ്പിലാകുന്നത്.
നേരത്തെ 2021-ൽ യുഎൻ ടൂറിസത്തിന്റെ മിഡിൽ ഈസ്റ്റിനായുള്ള റീജിയണൽ ഓഫീസ് റിയാദിൽ സ്ഥാപിച്ചത് വിനോദസഞ്ചാരമേഖലയിലെ നവീകരണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നുണ്ട്. സുസ്ഥിര ടൂറിസം സംരംഭങ്ങളിലും വൈദഗ്ധ്യത്തിലും സൗദി അറേബ്യയുടെ നേതൃത്വം പ്രദർശിപ്പിക്കുന്നതിൽ ഈ സഹകരണം നിർണായക പങ്ക് വഹിക്കുന്നു.
2030-ഓടെ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽദാതാവായി ടൂറിസം മേഖലയെ മാറ്റുക എന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ടൂറിസം മേഖലയിൽ 925,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും വിജയങ്ങളെയും യുഎൻ ടൂറിസം പ്രകീർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: