ന്യൂദല്‍ഹി: ഇന്ത്യയെ തെമ്മാടിയെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ് സുവിനോട് ഇന്ത്യ മാലിദ്വീപിന് നല്കിയ സഹായങ്ങളുടെ ലിസ്റ്റ് നിരത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍. “ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ ധനസഹായം നല്‍കുമോ?”- ജയശങ്കര്‍ ചോദിച്ചു.
മാലിദ്വീപ് പ്രസിഡന്റായി അധികാരമേറ്റയുടന്‍ ഇന്ത്യയെപ്പോലുള്ള തെമ്മാടികളെ ദൂരെ നിര്‍ത്തുമെന്നാണ് ചൈന അനുകൂലിയായ മാലിദ്വീപ് ന്റെ പ്രസിഡന്റ് മുഹമ്മദ് മുയ്സു പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ജയശങ്കര്‍ മറുപടി നല്‍കിയത്.
“ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് കോവിഡ് കാലത്ത് വാക്സിനുകള്‍ തരുമായിരുന്നോ?”- ജയശങ്കര്‍ ചോദിച്ചു. അയല്ക്കാര്ക്ക് ആദ്യസഹായം എന്ന മോദിയുടെ നയമനുസരിച്ച് കോവിഡ് പടര്‍ന്നുപിടിച്ച കാലത്ത് ഇന്ത്യ ധാരാളമായി മാലിദ്വീപിന് വാക്സിന് അയച്ചുകൊടുത്തിരുന്നു. “ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ യുദ്ധപ്രതിസന്ധിയുണ്ടായപ്പോള്‍ തെമ്മാടി എന്തിനാണ് നിങ്ങള്‍ക്ക് രാസവളം നല്‍കിയത്?, നിങ്ങള്‍ക്ക് ഇന്ധനം നല്‍കിയത്?, ഭക്ഷ്യവസ്തുക്കള്‍ നല്‍കിയത്?”- ജയശങ്കര്‍ ചോദിച്ചു.
റഷ്യ-ഉക്രൈന് യുദ്ധകാലത്ത് ഭക്ഷ്യപ്രതിസന്ധിയും ഇന്ധനപ്രതിസന്ധിയും വളപ്രതിസന്ധിയും ഉണ്ടായപ്പോള്‍ ഇന്ത്യ മാലിദ്വീപിന് രാസവളവും പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനവും വാക്സിനും സുലഭമായി നല്‍കിയതിനെപ്പറ്റിയാണ് ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചത്.
മാലിദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയ് സു അധികാരമേറ്റ ശേഷം ഇന്ത്യയുടെ മാലിദ്വീപിലുള്ള സേനയെ പിന്‍വലിപ്പിച്ചു. പകരം ചൈനയുടെ സേനയെ മാലിദ്വീപില്‍ വിന്യസിപ്പിക്കാന്‍ അനുവദിച്ചു. ചൈനയുമായി അടുത്ത വ്യാപാരബന്ധം സ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
മാര്‍ച്ച് 17ന് മാലിദ്വീപില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. മന്ത്രി ജയശങ്കറിന്റെ ഈ വാക്കുകള്‍ മാലിദ്വീപിലും ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അവിടെ പ്രധാനപ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) മുഹമ്മദ് മുയ്സിവിന് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: