നവരാത്രി പര്‍വം വര്‍ഷത്തില്‍ രണ്ടു തവണ വരുന്നുണ്ട്. ഒന്ന് ചൈത്രത്തിലെ ശുക്ലപക്ഷ പ്രഥമ മുതല്‍ നവമി വരെ. ചൈത്രനവരാത്രി ആരംഭിക്കുന്ന അന്നേദിവസം വിക്രമസംവത്സരത്തിന്റെ പുതുവര്‍ഷം ആരംഭിക്കുന്നു. വിക്രമാദിത്യ രാജാവ് ഭരണാധികാരി എന്നതിനപ്പുറം ജനക്ഷേമത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു സാധകന് കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠയുടെ കഥകള്‍ ഇന്നും പ്രസിദ്ധമാണ്. ജനഹൃദയങ്ങളുടെയും ഭരണകൂടത്തിന്റെയും ആദര്‍ശങ്ങളെ സമന്വയിപ്പിച്ചുള്ള ഭരണരീതിയുടെ പ്രതീകമായി അദ്ദേഹത്തിന്റെ രാജ്യാഭിഷേകം പുതിയൊരു സംവത്സരവുമായി (വിക്രമസംവത്സരം) ബന്ധപ്പെടുത്തുകയും അദ്ദേഹത്തിന്റെ കീര്‍ത്തി അനശ്വരമാക്കുകയും ചെയ്തു. അതുപോലെ ചൈത്രനവരാത്രിയുടെ അവസാന ദിവസം ഭഗവാന് ശ്രീരാമന്റെ ജന്മദിനമാണെന്ന പ്രത്യേകത കൂടിയുണ്ട്.
രണ്ടാമത്തെ നവരാത്രി ആശ്വിനത്തിലെ ശുക്ലപക്ഷം ഒന്നു മുതല്‍ ഒമ്പതു വരെയാണ്. ഇതിന് അനുബന്ധമായി വിജയദശമിയും ഒത്തുചേരുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം നക്ഷത്രങ്ങളുടെ എണ്ണം ആരംഭിക്കുന്നതു അശ്വിനി (അശ്വതി) നക്ഷത്രം മുതലാണ്. ഈ അടിസ്ഥാനത്തില്‍ ആശ്വിനമാസം ജ്യോതിഷ നക്ഷത്രവര്‍ഷത്തിന്റെ ആദ്യമാസമായി പരിഗണിക്കപ്പെടുന്നു.
ഇങ്ങനെ രണ്ടു നവരാത്രി ഉത്സവങ്ങള്‍ തമ്മില്‍ ആറു മാസത്തെ ഇടയുണ്ട്. ഈ സാധനാപര്വങ്ങള് വര്‍ഷത്തെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു. ഋതുക്കളുടെ സന്ധികാലം ഈ പര്‍വങ്ങളുടെ സമയത്താണ് വരുന്നത്. ഉപാസനയുടെ ദൃഷ്ടിയില് സന്ധികാലത്തിന് ഏറ്റവും അധികം മഹത്വം കല്പിച്ചിരിക്കുന്നു. പ്രഭാതവും സന്ധ്യയും ബ്രാഹ്മമുഹൂര്ത്തവും ഗോധൂളിവേളയും പകലിന്റെയും രാത്രിയുടെയും സന്ധികാലമാണ്. ഇവ ഉപാസനക്ക് ഉത്തമമായ സമയമായി കരുതപ്പെടുന്നു.
ഇതുപോലെ ഋതുസന്ധികാലത്തെ ഒന്‍പതു ദിവസങ്ങള്‍ വീതമുള്ള നവരാത്രികള്‍ ഉപാസനയും അനുഷ്ഠാനവും നടത്താന്‍ അത്യുത്തമമായി കരുതപ്പെടുന്നു. നവരാത്രിയോടൊപ്പം ദുര്ഗാവതാരത്തിന്റെ കഥയും ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ സമയം യുഗസന്ധികാലമാണെന്ന് തത്ത്വജ്ഞാനികള്‍ അംഗീകരിച്ചിരിക്കുകയാണ്. ഈ യുഗത്തിലെ ഭീതിജനിപ്പിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാനായി യുഗശക്തി അവതരിക്കണമെന്ന ആശ, സകലരുടെയും മനസ്സില്‍ ഉയരുന്നുണ്ട്. ഈ സ്ഥിതിയില്‍ വ്യക്തിപരമായ സാധനയെക്കാള്‍ സാമൂഹ്യമായ സാധനയുടെയും അനുഷ്ഠാനത്തിന്റെയും മഹത്വം വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: