മണിച്ചിത്രത്താഴ് ഇറങ്ങിയ ശേഷം ഒരുനാള്‍…ഏറെ പ്രശസ്തനായ സിനിമാതാരമായി മാറിയ സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. തന്റെ ഓര്‍മ്മക്കുറിപ്പിലാണ് എം. മുകുന്ദന്‍ സുരേഷ് ഗോപിയുമായി ദല്‍ഹിയില്‍ ഉണ്ടായ പഴയ ഒരു കാലത്തിലെ ഓര്‍മ്മ പങ്കുവെച്ചത്.
ഗേറ്റില്‍ കാത്ത് നിന്ന യുവാവിനെ കണ്ടമാത്രയില്‍ മുകുന്ദന്റെ മനസ്സിലേക്ക് സുരേഷ് ഗോപിയുടെ തിളക്കമാര്‍ന്ന കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഇറങ്ങിവന്നു….
നന്ദി വീണ്ടും വരികയിലെ ബാലന്‍.
ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി.
നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്
ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍.
മണിച്ചിത്രത്താഴിലെ നകുലന്‍.
കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസ്.
1996ലോ 97ലോ ആണ് ഈ കൂടിക്കാഴ്ച.
ഇരുവരും ചേര്‍ന്ന് മുകുന്ദന്‍ താമസിക്കുന്ന മയൂര്‍വിഹാറിലെ വീട്ടിലേക്ക് പോയി. വീടിനടുത്ത് തന്നെ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. മുകുന്ദന്‍ സുരേഷ് ഗോപിയേയും കൂട്ടി അവിടേക്ക് പോയി. ഉടനെ ആളുകളെല്ലാം തടിച്ചുകൂടി. തൊഴുതതിന് ശേഷം ഇരുവരും വീട്ടിലേക്ക്.
മുകുന്ദന്റെ ഭാര്യ ശ്രീജ സുരേഷ് ഗോപിയോട് ചോദിച്ചു: “ചായ തരട്ടെ?”
ചായയില്‍ ഒതുങ്ങാന്‍ സുരേഷ് ഗോപി തയ്യാറല്ല. “പിന്നെയെന്താണ് ഉള്ളത്” എന്നായി സുരേഷ് ഗോപി.
പഴം പൊരിച്ചത് തരാം എന്ന് ശ്രീജ പറഞ്ഞു. പഴം പൊരി എനിക്കിഷ്ടമാണെന്ന് സുരേഷ് ഗോപി.
സുരേഷ് ഗോപി ചൂടുള്ള പഴം പൊരി കൂട്ടി ചായ കുടിച്ചു. മൂന്നു നാല് പഴം പൊരി പൊതിഞ്ഞു തരൂ എന്ന് സുരേഷ് ഗോപി. മുകുന്ദന്റെ ഭാര്യ പഴം പൊരി പൊതിഞ്ഞു കൊടുത്തു. ദല്‍ഹിയിലെ രണ്ടാം നിലയിലുള്ള തന്റെ വീട്ടില്‍ നിന്നും താഴേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു വലിയ ആള്‍ക്കൂട്ടം ഉണ്ടായിരിക്കുന്നു. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാനാണ്. പൊതിഞ്ഞു നല്‍കിയ പഴം പൊരിയുമായി സുരേഷ് ഗോപി പോയി.
ആ കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി പല പല കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞാടുന്നത് ദൂരെയിരുന്ന് മയ്യഴിയുടെ കഥാകാരന്‍ ആസ്വദിച്ചു.
രുദ്രാക്ഷത്തിലെ വിശ്വനാഥനായും സിന്ദൂരരേഖയിലെ ബാലചന്ദ്രനായും ക്രൈം ഫയലിലെ ഇടമറ്റം പാലക്കല്‍ ഈശോ പണിക്കരായും തെങ്കാശിപ്പട്ടണത്തിലെ കണ്ണനായും എല്ലാം….കളിയാട്ടത്തിലെ കണ്ണന്‍ പെരുമാളിന്റെ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയപ്പോള്‍ വിളിച്ചുപറയണമെന്ന് മുകുന്ദന് മോഹമുണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പര്‍ തിരഞ്ഞിട്ടും കണ്ടില്ല…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: