ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ വര്‍ഷങ്ങളായി നാശം വിതച്ച് തമ്പടിച്ചുകിടക്കുന്ന കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാര്‍ച്ച് മൂന്നിന് തുരത്തിവിടാനുള്ള ഓപ്പറേഷന് എലിഫെന്റ് ദൗത്യം വീണ്ടും പ്രതിസന്ധിയില്‍.
ഈ ദിവസങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ ആറളം ഫാം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപകന് ടി. തിലകന് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചു കലക്ടര്‍ ആന തുരത്തല്‍ നീട്ടി വെക്കാന്‍ നിര്‍ദേശിച്ചു ആറളം ഫാം, വനം അധികൃതര്‍ക്ക് കത്ത് നല്‍കിയതോടെയാണ് പ്രശ്നം വീണ്ടും പ്രതിസന്ധിയിലായത്.
കഴിഞ്ഞ 19 ന് എല്ലാ സജ്ജീകരണങ്ങളോടെയും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള പദ്ധതി തയ്യാറാക്കുകയും ഇത് പ്രകാരം രാവിലെ ആന തുരത്തല്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ പുനരധിവാസ മേഖലയില്‍ ആനകളെത്തുന്നതോടെ വലിയ അപകടമാണ് ഉണ്ടാവുക എന്ന വാദവുമായി ഏതാനും ചിലര്‍ പ്രതിഷേധവുമായെത്തിയതോടെ നടപടി നിര്‍ത്തിവെക്കുകയായിരുന്നു.
20 ന് സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫാം, വനം, ടിആര്‍ഡിഎം, പൊലീസ് അധികൃതരുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ 10 ദിവസത്തിനുള്ളില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്കുവേലി നിര്‍മ്മിക്കാനും മാര്‍ച്ച് 3 ന് ആനതുരത്തല്‍ ദൗത്യം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. ഇതിലാണ് വീണ്ടും തടസ്സം ഉണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെ 11 ന് ഫാം ഓഫീസില്‍ സബ് കലക്ടര്‍ സന്ദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്യോഗസ്ഥ-ജനകീയ കമ്മറ്റി യോഗം വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനവും സ്ഥിതിഗതികളും കലക്ടറെ ധരിപ്പിക്കും. ആറളം ഫാം സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ആന തുരത്തല്‍ നടപടി നീട്ടിവയ്ക്കണമെന്നാണ് പ്രധമാധ്യപകന്‍ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയുടെയും സാഹചര്യം ഇല്ലെന്നാണ് ഫാം അധികൃതരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായം.
കഴിഞ്ഞ യോഗത്തിലും ഈ വിഷയം വന്നിരുന്നതാണ്. ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ എന്ന നിലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പേ തന്നെ കുട്ടികളെ കാമ്പസ്സില്‍ തന്നെയാണ് പാര്‍പ്പിക്കുന്നത്. തുരത്തല്‍ തുടങ്ങുന്നത് ഒഴിവുദിവസമായ ഞായറാഴ്ചയുമാണ്. കശുവണ്ടി വിളവെടുപ്പിന്റെ പ്രധാന സമയമെന്ന നിലയില്‍ ഇനിയും ആനകളെ തുരത്തല്‍ നീണ്ടുപോയാല്‍ അത് ഇപ്പോള്‍ത്തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഫാമിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഫാമില്‍ ഒന്നും ശേഷിക്കാത്ത നിലവരുമെന്നും ഫാം തൊഴിലാളികളും പറയുന്നു. ഒരു മാസമാണ് സ്കൂള്‍ ആവശ്യപ്പെട്ട സമയമെന്നതും ഫാമിനെ ആശങ്കയിലാക്കുകയാണ്.
അതേസമയം കഴിഞ്ഞ 20 ന് നടന്ന യോഗത്തിലെ തീരുമാനപ്രകാരം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന സോളാര്‍ തൂക്കുവേലിയുടെ പ്രവര്‍ത്തി വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. ഫാമില്‍ നിന്നും വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിടുന്ന ആനകള്‍ വീണ്ടും ഫാമിലേക്ക് പ്രവേശിക്കാതിരിക്കാനാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ 6 ലക്ഷത്തോളം രൂപ മുടക്കില്‍ 7 കിലോമീറ്റര്‍ താല്‍ക്കാലിക വൈദ്യുതി വേലി നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: