Categories: Kerala

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് മൂന്നു വര്‍ഷത്തെ സൗജന്യ പ്രീ സ്‌കൂള്‍ പഠനം

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസ്സില്‍ തന്നെ തുടരുന്നതോടെ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക് നഷ്ടമാകുന്നത് മൂന്നുവര്‍ഷത്തെ പ്രീ സ്‌കൂള്‍ അഥവാ അടിസ്ഥാന വിദ്യാഭ്യാസം. കേന്ദ്ര വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്നുവയസുമുതല്‍ ആറു വയസു വരെ കുട്ടിക്ക് സൗജന്യമായി അടിസ്ഥാന വിദ്യാഭ്യാസം നല്കണം. അഞ്ച് വയസില്‍ സ്‌കൂള്‍ പ്രവേശനം നടത്തുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇത് നഷ്ടമാകും.

ഇപ്പോള്‍ അങ്കണവാടികളില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ പഠനവും പ്രീ സ്‌കൂളുകളിലെ പഠനവും എല്ലാം മൂന്നു വയസില്‍ ആരംഭിക്കും എങ്കിലും അഞ്ച് വയസില്‍ ഒന്നാം ക്ലാസ്സില്‍ ചേരുകയാണ്. അങ്കണവാടികളില്‍ വിദ്യാഭ്യാസ നയം അനുസരിച്ചല്ല പഠനം. അതിനാല്‍ത്തന്നെ പലരും പണം നല്കി സ്വകാര്യ പ്രീ സ്‌കൂളുകളെ ആണ് ആശ്രയിക്കുന്നത്.

ഇതിനെല്ലാം പരിഹാരം ആണ് ദേശീയ വിദ്യാഭ്യാസ നയം. മൂന്നുവയസില്‍ തുടങ്ങി അഞ്ചുവയസു വരെ കുട്ടികളുടെ മാനസിക ബൗദ്ധിക വളര്‍ച്ചയ്‌ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കും. ഇതിനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്കും. അങ്കണവാടികളെ സ്‌കൂളുകളുമായി ചേര്‍ത്താണ് പ്രവര്‍ത്തനം.
ഇവിടെ പഠിപ്പിക്കുന്നതിനായി നിലിവിലെ അങ്കണവാടി അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ആറുമാസം മുതല്‍ ഒരുവര്‍ഷംം വരെയുള്ള കോഴ്‌സുകള്‍ നല്കും. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രത്യേക ബിഎഡ് ആയിരിക്കും യോഗ്യത.

മാത്രമല്ല പാഠപുസ്തകം ഒഴിവാക്കിയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതിയും ആകും ഉണ്ടാകുക. ഇതോടെ കുട്ടികളുടെ ബൗദ്ധിക ക്ഷമത വര്‍ധിക്കും. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെത്തുന്ന കുട്ടിക്ക് പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്താനാകും. ഈ അവസരമാണ് സംസ്ഥാനത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത്. ഇത്തരം ക്ലാസുകളില്‍ മൂന്ന് അദ്ധ്യാപകരും ഒരു ആയയും കുറഞ്ഞത് വേണം. അത് കണക്കാക്കിയാല്‍ ആയിരക്കണക്കിന് അദ്ധ്യാപകരുടെ തൊഴിലവസരവും നഷ്ടമാകും. അഞ്ചുവയസില്‍ പ്രവേശനം നടത്തിയാല്‍ കുട്ടിയെ രണ്ടുവയസില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിലേക്ക് ചേര്‍ക്കേണ്ടിവരും. ഇതും പ്രായോഗികമല്ല.

ഇപ്പോള്‍ത്തന്നെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള ഫണ്ടുകള്‍ നഷ്ടമായിത്തുടങ്ങി. ഒരു മാതൃകാ ബിഎഡ് കോളജ് സ്ഥാപിക്കാന്‍ ഒരു സംസ്ഥാനത്തിന് 100 കോടി വരെ നല്കി. കേരളം അപേക്ഷ നല്കാത്തതിനാല്‍ ആ ഫണ്ട് നഷ്ടമായി. മൂന്നുവയസു മുതലുള്ള അടിസ്ഥാന വിദ്യാഭ്യാസം ഉള്‍പ്പെടെ സ്‌കൂളുകളുമായി ചേര്‍ത്ത് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പിഎംശ്രീ മോഡല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ എട്ടു മതല്‍ 20 കോടിവരെ അനുവദിച്ചു. പക്ഷെ കേരളത്തില്‍ നിന്നും അപേക്ഷ നല്കിയില്ല. ഇതോടെ 152 ബ്ലോക്കുകളിലായി 2000 മുതല്‍ 3000 കോടി വരെ നഷ്ടമായി. ഫണ്ടുകള്‍ മാത്രമല്ല, സാധാരണക്കാരന്റെ മക്കള്‍ക്ക് കിട്ടേണ്ട സൗജന്യ വിദ്യാഭ്യാസം കൂടിയാണ് സര്‍ക്കാരിന്റെ കടുംപിടുത്തത്തില്‍ നഷ്ടമാകുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക