ബെംഗളൂരു: വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് ആഹ്ലാദ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി. വിധാന്‍ സൗധയില്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും സിദ്ധരാമയ്യ സര്‍ക്കാരിന്റെ ബലഹീനതയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നസീര്‍ ഹുസൈന്റെ വിജയത്തിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്താന് സിന്ദാബാദ് വിളിച്ചത്. സംഭവത്തിന്റെ വീഡിയോ ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്ത് വിട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കോണ്‍ഗ്രസിന്റെ നസീര്‍ ഹുസൈന് കര്‍ണാടകയില്‍ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ പാകിസ്ഥന് സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസിന് പാകിസ്ഥാനോടുള്ള അഭിനിവേശം അപകടകരമാണ്. ഇത് വിഭജനത്തിലേക്ക് എത്തിക്കും, അമിത് മാളവ്യ എക്സില്‍ കുറിച്ചു.
പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പുറത്ത് വന്ന വീഡിയോ സര്‍ക്കാര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് (എഫ്എസ്എല്) റഫര്‍ ചെയ്തിരുന്നു. പാകിസ്ഥാന് അനുകൂലമായി ഉയര്‍ത്തിയ മുദ്രാവാക്യം ശരിയാണെന്ന് എഫ്എസ്എല് റിപ്പോര്‍ട്ട് തെളിയിക്കുകയാണെങ്കില്‍, ഇക്കാര്യത്തില്‍ ഗുരുതരമായ നടപടിയെടുക്കും, സിദ്ധരാമയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: