കഴക്കൂട്ടം: കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്ഥലം സീല്‍ ചെയ്തു. അസ്ഥികൂടം ഇന്ന് രാവിലെ പുറത്തെടുത്ത് പരിശോധന നടത്തും. പുതിയ വാട്ടര്‍ ടാങ്ക് വന്നതോടെ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പമ്പ് ഹൗസിനോട് ചേര്‍ന്ന് 20 അടിയോളം താഴ്ച വരുന്ന ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ടാങ്കിന്റെ മുകളില്‍ നിന്നും ഒരാള്‍ക്ക് ഇറങ്ങാവുന്ന മാന്‍ഹോള്‍ ഉണ്ട്. മാന്‍ഹോളിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ഇരുമ്പ് ഗോവണിപ്പടിയുടെയുള്ളില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ പമ്പ് ഓപ്പറേറ്റര്‍ ഈ ഭാഗം പരിശോധിക്കുമ്പോള്‍ പഴയ ടാങ്കിന്റെ മുകളിലായി ജീര്‍ണിച്ച കുടയുടെ ഭാഗം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കിനടിയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ക്യാമ്പസ് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.
പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ അസ്ഥികൂടത്തിന് ഒരു വര്‍ഷം വരെ പഴക്കം വരുമെന്ന് പറയുന്നു. ചുറ്റും കാട് പിടിച്ച് കിടക്കുന്ന പമ്പ് ഹൗസിന് സമീപം ടാങ്കില്‍ അസ്ഥികൂടം കണ്ടതില്‍ ദുരൂഹതയുണ്ട്. . അസ്ഥികൂടം പുറത്തെടുത്ത് പരിശോധന നടത്തിയാലേ പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.. ഇവിടെനിന്ന് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കുറ്റിക്കാട്ടില്‍ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയ തുണിക്കുള്ളില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു.











