കൊല്ലം: മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ കീഴിലാണ് കേരളമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്ശനന്. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണക്കാരനെ കൊള്ളയടിക്കുകയാണ്.
നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കുമ്പോള്‍ കേരളത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു. ആ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് ദേശീയ പ്രസ്ഥാനങ്ങളുടെ ചുമതലയാണ്. തെറ്റായ ദിശയില്‍ പോകുന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. യുവതലമുറയ്ക്ക് മാതൃകയായി നാടിന്റെ സംസ്കാരം നിലനിര്‍ത്താന്‍ കഴിയണം. മൂല്യങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള കര്‍മപദ്ധതി വീടുകളില്‍ നിന്നാരംഭിച്ച് സമൂഹത്തിന് വെളിച്ചം പകരാന്‍ സാധിക്കണം. എല്ലാ വിഭാഗത്തിലുള്ളവരെയും ദേശീയധാരയിലേക്ക് എത്തിച്ച് മൂല്യങ്ങള്‍ ഉള്ളവരാക്കി മാറ്റണം.
ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന അംഗീകാരം നേടിയെടുക്കാന്‍ ഒരുപാടുപേരുടെ ത്യാഗമുണ്ട്. അതിനാല്‍, മൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ ആശയത്തില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. ഭാരതീയമായ സംസ്കൃതിയും രാജ്യത്തിന്റെ അസ്ഥിത്വവും നിലനിര്‍ത്തേണ്ടതുണ്ട്. ആദര്‍ശത്തില്‍ ഉറച്ച് നിന്ന് മുന്നോട്ടു പോകണം. നമ്മുടെ അവകാശങ്ങള്‍ക്കൊപ്പം നാടിന്റെ സംസ്കാരം നിലനിര്‍ത്താനുള്ള പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍, ഖജാന്‍ജി അഡ്വ. പി.ജയഭാനു, വൈസ് പ്രസിഡന്റ് പി. ബാലന്, വി. ശ്രീനിവാസന്, സെക്രട്ടറി ബി. ജയപ്രകാശ്, കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സുഹൃദ്സമ്മേളനം ഫെറ്റോ സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്നത് പി
ണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. ഇടതു ഭരണത്തില്‍ കേരളത്തിന്റെ സമസ്തമേഖലയിലും അഴിമതി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.പി. മഹാദേവകുമാര്‍ അധ്യക്ഷത വഹിച്ചു.
വ്യാഴാഴ്ച രാവിലെ 11ന് പ്രതിനിധി സമ്മേളനം കൊല്ലം ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന് അധ്യക്ഷത വഹിക്കും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് വനിതാ സമ്മേളനം ബിഎംഎസ് ദേശീയസമിതി അംഗം അഡ്വ. ആശാമോള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.ബി. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി മുഖ്യപ്രഭാഷണം നടത്തും. 5ന് സമാപനസഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: