തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ മണ്ണ് എന്‍ഡിഎക്ക് അനുകൂലമാണ്. എല്‍ഡിഎഫും യുഡിഎഫും ദുര്‍ബലമായിരിക്കുകയാണെന്ന് എന്‍ഡിഎ വൈസ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് എകെജി സെന്ററാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു.
എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായതായതിനു പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് അദേഹത്തിന്റെ പ്രതികരണം. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായാണ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി വിവരം പുറത്തുവിട്ടത്.
എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം ഒറ്റക്കെട്ടായി പോരാടും. അതിന് വേണ്ട റോഡ് മാപ്പ് സംസ്ഥാന നേതൃയോഗം ആസൂത്രണം ചെയ്തുവെന്നും അദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ പൊന്നാനി സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഇ.ടി.മുഹമ്മദ് ബഷീര്‍ മത്സരിക്കില്ലെന്ന ഉറപ്പ് സിപിഎം സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് നല്‍കിയെന്നാണ് പറയുന്നത്. ലീഗ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് എകെജി സെന്ററാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മലപ്പുറത്തും പൊന്നാനിയിലും സിപിഎം ലീഗിന് വോട്ട് ചെയ്യും. മറ്റിടങ്ങളില്‍ ലീഗ് സിപിഎമ്മിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. വര്‍ഗീയവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. രണ്ട് മുന്നണികളും അശ്ലീല മുന്നണികളായി മാറി. കേരളത്തിലെ ജനങ്ങള്‍ 400 സീറ്റ് നേടുന്ന എന്‍ഡിഎക്കൊപ്പമാണ് നില്‍ക്കുക. 40 സീറ്റ് കിട്ടുന്ന ഇന്‍ഡി മുന്നണിയെ മലയാളികള്‍ കൈവിടുമെന്നുറപ്പാണ്. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മാര്‍ച്ച് അഞ്ചിനും 10 നും ഇടക്ക് എന്‍ഡിഎ യോഗവും 10 നുശേഷം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും നടത്തുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പത്മകുമാര്‍, ശിവസേന ഷിന്‍ഡെ വിഭാഗം അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കെകെസി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, എന്‍കെസി അധ്യക്ഷന്‍ കുരുവിള മാത്യൂസ്, എസ്‌ജെഡി അധ്യക്ഷന്‍ വി.വി.രാജേന്ദ്രന്‍, ജെആര്‍പി അധ്യക്ഷ സി.കെ. ജാനു, എല്‍ജെപി(ആര്‍) അധ്യക്ഷന്‍ രാമചന്ദ്രന്‍ പിഎച്ച്, ആര്‍എല്‍ജെപി നേതാവ് നിയാസ് വൈദ്യരത്‌നം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: