ന്യൂദല്‍ഹി: ഹമാസ് ചെയ്യുന്നത് എന്താണോ അതു തന്നെയാണ് ബംഗാളിലും സംഭവിക്കുന്നതെന്ന് ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ജെഎന്‍യു എബിവിപി യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സന്ദേശ് ഖാലിയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശ്ഖാലി കത്തുകയാണ്, സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു. ബംഗാളിലെ അഴിമതി നിറഞ്ഞ തൃണമൂല്‍ സര്‍ക്കാര്‍ അക്രമികള്‍ക്കൊപ്പമാണെന്നും സുവേന്ദു അധികാരി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനാധിപത്യത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിക്കാര്‍ക്കുവേണ്ടി എന്നാക്കി. മമതയെ ഇനി
യാരും ദീദി എന്ന് വിളിക്കരുത്. സ്ത്രീകള്‍ക്കു നേരെയുള്ള മനുഷ്യത്വ രഹിതമായ അക്രമങ്ങള്‍ കണ്ടിട്ടും അവര്‍ ക്രൂരയായി പെരുമാറുകയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരെ സംസ്ഥാനത്ത് നുഴഞ്ഞുകയറാനും സ്ഥിരതാമസമാക്കാനും അനുവദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ജനസംഖ്യാക്രമം മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും തുടക്കമിട്ടത് സിപിഎമ്മാണ്. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും മാവോയിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണക്കാര്‍. എസ്എഫ്‌ഐയും ഡിവൈഎഫ്ഐയും ബംഗാളില്‍ ടിഎംസി ക്കെതിരെ പോരാടുകയാണെന്ന് നടിക്കുകയാണ്. ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ബിജെപി സംസ്ഥാനത്ത് ശക്തമായി പോരാടുകയാണ്. മമത ബാനര്‍ജി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ ഭരണം കൊണ്ടു വരുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
ജെഎന്‍യുവിലെ ഇടതുപക്ഷ മനസ്സുകള്‍ സന്ദേശ്ഖാലിയില്‍ മൗനം പാലിക്കുകയാണെന്ന് പരിപാടിയില്‍ സംസാരിച്ച ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുകാന്ത മജുംദാര്‍ എംപി പറഞ്ഞു. അവര്‍ക്ക് ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നങ്ങള്‍ മാത്രമെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെഎന്‍യുവിന്റെ ശബ്ദം രാജ്യത്തുടനീളം പ്രതിധ്വനിക്കുന്നതിനാലാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയും ഇന്‍ഡി സഖ്യവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. സന്ദേശ്ഖാലിയില്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് മമതയുടെ പോലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. പ്രണവ് കുമാര്‍ മോഡറേറ്ററായിരുന്നു. എബിവിപി നേതാക്കളായ ഉന്നതി പഞ്ചികാര്‍, ദീപിക ശര്‍മ്മ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: