തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അനന്തപുരിയുടെ മണ്ണിൽ. രാവിലെ 10.50ന് വായുസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനനിലെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ഭക്ഷ്യ മന്ത്രി ജി.അനിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തിലെ സ്വീകരത്തിന് ശേഷം പ്രധാനമന്ത്രി വി.എസ്.എസ് .സിയിലേക്ക് പോയി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം 12 മണിയോടെ സെൻട്രൽ സ്‌റ്റേഡിയത്തിലെ സമ്മേള വേദിയിൽ എത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പിസി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ ബിജെപിയുമായി ലയിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതൽ ഉച്ചയ്‌ക്ക് രണ്ടു മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്പ റോഡിലും ആൾസെയിൻറ്‌സ് ജംഗ്ഷൻ മുതൽ പാറ്റൂർ, പാളയം, പുളിമൂട് വരെയും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. സെൻട്രൽ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോകും. തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പങ്കെടുക്കും. നാലു മണിയോടെ ഹെലികോപ്റ്ററിൽ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട -ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങുന്ന മോദി നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: