കോട്ടയം: പശ്ചിമബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ നടത്തുന്ന മാനവും മണ്ണും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് മഹിളാ ഐക്യവേദി പിന്തുണ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍.
മുഖ്യമന്ത്രിയായ മമതയില്‍ നിന്ന് അവിടുത്തെ സ്ത്രീ സമൂഹത്തിന് യാതൊരു ‘മമത’യും ലഭിക്കുന്നില്ല. ഭരണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ തൃണമൂല്‍ നേതാക്കളായ ഷാജഖാന്‍ ഷെയ്ക്കും സഹോദരനായ സിറാജുദ്ദീനും അവരുടെ അനുയായികളുമാണ് ക്രൂരകൃത്യം ചെയ്തത്. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്.
ബംഗാളില്‍ നടക്കുന്നത് കാട്ടുഭരണമാണ്. സാധാരണക്കാര്‍ക്ക് നീതിയില്ല. നന്ദിഗ്രാമില്‍ നടന്നതിന് സമാനമായ കാര്യങ്ങള്‍ ആണ് സന്ദേശ്ഖാലിയിലേത്. കേരളത്തിലെ മാധ്യമങ്ങള്‍ക്കോ സ്ത്രീ സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന മഹിളാ നേതാക്കള്‍ക്കോ ഇതൊരു പ്രധാന വാര്‍ത്തയല്ല. രാഷ്ട്രീയവും മതവും സ്വന്തം സ്ഥാനമാനങ്ങളും നോക്കി സെലക്ടീവ് പ്രതികരണം നടത്തുന്നവര്‍ നാടിന്നപമാനമാണെന്നും മഹിളാ ഐക്യവേദി ചൂണ്ടിക്കാട്ടി.
സന്ദേശ്ഖാലിയിലെ മണ്ണിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഒന്നിന് വൈകിട്ട് മാതൃജ്വാല നടത്തുമെന്നും പ്രസിഡന്റ് ബിന്ദുമോഹനും ജനറല്‍ സെക്രട്ടറി ഷീജ ബിജുവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: