അജ്മേര്‍(രാജസ്ഥാന്): കര്‍ഷകരുടെ പേര് പറഞ്ഞ് കലാപം സൃഷ്ടിക്കാനിറങ്ങുന്നവരെ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്ന് ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയം. അക്രമികളോട് സംഭാഷണം എന്ന സര്‍ക്കാര്‍ നയം അപലപനീയമാണ്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് യഥാര്‍ത്ഥ കര്‍ഷകര്‍ മുന്നിലേക്ക് വരുമ്പോള്‍ പരിഗണിക്കാത്തവര്‍ അക്രമസമരങ്ങളോട് വിട്ടുവീഴ്ച കാട്ടുന്നത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിനിധിസഭാ പ്രമേയം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ താത്പര്യം ദേശീയ താത്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നതാണ് കിസാന്‍സംഘിന്റെ നയം. അതുകൊണ്ട് അക്രമസമരങ്ങളെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ അച്ചടക്കത്തിനും ദേശീയതാത്പര്യത്തിനും യഥാര്‍ത്ഥ കര്‍ഷകര്‍ നല്കുന്ന മുന്‍ഗണനകളെ സര്‍ക്കാരുകള്‍ ബലഹീനതയായി കണക്കാക്കരുതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.
കര്‍ഷകരുടെ പേരില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പു കരുനീക്കങ്ങള്‍ നടത്തുന്നത് മൂലം കര്‍ഷകര്‍ക്ക് മാത്രമാണ് നഷ്ടം. അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെ കര്‍ഷക പ്രസ്ഥാനത്തോട് സമൂഹത്തില്‍ നിഷേധാത്മക വികാരമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ അത്തരക്കാരോട് സഹിഷ്ണുത കാട്ടരുതെന്ന് അദ്ദേഹം പറഞ്ഞു.
ചെലവ് കണക്കാക്കി വിളകള്‍ക്ക് വില നിശ്ചയിക്കണമെന്ന് കിസാന്‍സംഘ് ആവശ്യപ്പെട്ടു. കാര്‍ഷിക ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം. കിസാന്‍ സമ്മാന്‍ നിധിയില്‍ ഗണ്യമായ വര്‍ധന വരുത്തണം. വിത്ത് കര്‍ഷകരുടെ അവകാശമാണ്. ജിഎം വിത്തുകള്‍ അനുവദിക്കരുത്. വിപണികളില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സംവിധാനം വേണം, മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.
ധാന്യ വിപണനത്തിന് സമഗ്രമായ നയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിസാന്‍സംഘ് രാജ്യത്തുടനീളം ഒരു ലക്ഷം വില്ലേജ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഒരു കോടി ആളുകളെ അംഗങ്ങളാക്കുമെന്നും മോഹിനിമോഹന്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: