തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. വെള്ളിയാഴ്ച മുതല്‍ തന്നെ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയിരുന്നു. പൊങ്കാലയ്ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
ക്ഷേത്ര പരിസരത്തു നിന്നും പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറയും. ആറ്റുകാല്‍ ക്ഷേത്ര പരിസരം പൊങ്കാലക്കലങ്ങളാല്‍ നിറഞ്ഞു. രണ്ടു ദിവസമായി നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്. ആറ്റുകാല്‍ പൊങ്കാല 2009 ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയിലാണ് ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിലെത്തിയത്. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിയത്. ഇത്തവണ ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ് വിശ്വാസം.
ദേവീസ്തുതികളുമായി ആയിരങ്ങള്‍ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയായി. രാവിലെ 10 ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിച്ച ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞയുടനെ തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷം അതേ ദീപം സഹ മേല്‍ശാന്തിക്കും കൈമാറും. സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. പൊങ്കാലയുടെ വിളംബര സൂചകമായി ചെണ്ടണ്ടമേളവും കതിനാവെടികളും മുഴങ്ങുന്നതോടെ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ അഗ്നി ജ്വലിക്കും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ 1270 ഓളം തെരുവ് പൈപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. 3000ല്‍ അധികം പോലീസും 250 ലധികം അഗ്നിരക്ഷാ സേന അംഗങ്ങളും കര്‍മ്മനിരതരായുണ്ട്. ഒരു സമയം 8000 പേര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കാനുള്ള സൗകര്യമൊരുക്കിയിച്ചുണ്ട്. ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുന്നത്.
ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയുടെ അഞ്ഞൂറോളം ബസുകള്‍ സര്‍വീസ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുലര്‍ച്ചെ 2.30 മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കിഴക്കേക്കോട്ട, തമ്പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ പുറപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: