എ. ദാമോദരന്‍
(ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്ററാണ് ലേഖകന്‍)
1970 കളിലാണ് ഒരു സംഘം യുവാക്കള്‍ പ്രചാരകന്മാരായി ചുമതലയേല്‍ക്കുന്നത്. വി.പി. ജനാര്ദ്ദനന്, പി. വാസുദേവന്‍, വി.പി. ദാസന്, കെ. മാധവനുണ്ണി എന്നിവരുടെ പാത പി
ന്തുടര്ന്നാണ് കെ. പുരുഷോത്തമന് എന്ന പുരുഷേട്ടന് 1970 കളില്‍ ഇരിട്ടി താലൂക്ക് പ്രചാരകനായത്. കൊട്ടിയൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലാകെ വ്യാപിച്ച താലൂക്ക്. കൊട്ടിയൂര്‍, മണത്തണ, പേരാവൂര്‍, ഇരിട്ടി, കീഴൂര്‍, തില്ലങ്കേരി, ചാവശ്ശേരി, നായാട്ടുപാറ, കൂടാളി, പുന്നാട്, കീഴൂര്‍, ആറളം, പായം തുടങ്ങിയ പ്രദേശങ്ങളില്‍ തുടങ്ങിയ ശാഖകളെ യുവാക്കളുടെ ആകര്‍ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ പുരുഷേട്ടനായി.
മിക്കവാറുമെല്ലാ സ്വയംസേവകരുടെയും വീടുകള്‍ സമ്പര്‍ക്കം ചെയ്യുമായിരുന്നു. വീടുകളിലെ ഭക്ഷണം കഴിച്ചു രാത്രി ശാഖയില്‍ പങ്കെടുത്ത് ഏതെങ്കിലും സ്വയംസേവകന്റെ വീട്ടില്‍ അന്തിയുറങ്ങി അടുത്ത ദിവസം മറ്റൊരു ശാഖയിലേക്ക് യാത്ര തുടരും. താലൂക്ക് പ്രചാരകനില്‍ നിന്ന് ജില്ലാ-വിഭാഗ് പ്രചാരകനായും, മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായും ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായുമൊക്കെ ആറു പതിറ്റാണ്ടിലേറെക്കാലം സംഘ പ്രവര്‍ത്തനത്തില്‍.
പ്രചാരകനെന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് കണ്ണൂര്‍ ജില്ലയിലായിരുന്നു. തിരുവിതാംകൂറില്‍ നിന്ന് ചെറുപുഴക്കടുത്ത കമ്പല്ലൂരില്‍ കുടിയേറിയ കുടുംബാംഗം. പതിറ്റാണ്ടുകളോളം കണ്ണൂര്‍ ജില്ലയെ ഗ്രസിച്ച സംഘര്‍ഷ നാളുകളില്‍ സധൈര്യം പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകര്‍ന്നു.
1980 കളില്‍ മമ്പറത്തിനടുത്ത മൈലുള്ള മൊട്ടയില്‍ സംഘര്‍ഷവും കൊലപാതകങ്ങളും നിത്യേന നടക്കുന്ന സമയത്ത് അക്രമിക്കപ്പെട്ട സ്വയംസേവകവരുടെ വീടു സന്ദര്‍ശിച്ച് പാര്‍ട്ടി ജില്ലാ ചുമതലയുണ്ടായിരുന്ന ഞാനും പുരുഷേട്ടനും മമ്പറത്തേക്ക് നടക്കുകയായിരുന്നു. പിന്നില്‍ ആരവം കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ സായുധരായ സിപിഎം സംഘം. ആ സമയത്ത് തലശ്ശേരി ഡിവൈഎസ്പിയായായിരുന്നു ശേഖര്‍ മിനിയോടന്റെ വാഹനവും ഞങ്ങള്‍ക്കടുത്തെത്തി. ഞങ്ങളും സിപിഎം സംഘവും പോലീസും മുഖാമുഖം. ശേഖര്‍ മിനി
യോടന്‍ ഞങ്ങളോടു പോലീസ് വാഹനത്തില്‍ കയറാനാവശ്യപ്പെട്ടു. തലശ്ശേരി ഡിവൈഎസ്പി ഓഫീസിലെത്തിച്ച് പ്രശ്നത്തിന്റെ ഗൗരവം ഓര്‍മിപ്പിച്ച് പറഞ്ഞുവിട്ടു. പോലീസെത്തിയിരുന്നില്ലെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല. സംഘടനാ പ്രവര്‍ത്തനത്തിനിടയിലും ജന്മഭൂമിയിലൊപ്പം പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ആതിഥേയനാവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. യാത്രയ്ക്കിടയില്‍ കണ്ണൂരിലെത്തിയാലും പ്രാന്ത കാര്യാലയത്തില്‍ നിന്നുമൊക്കെ കുടുംബവിശേഷങ്ങളും ആരോഗ്യ കാര്യങ്ങളുമൊക്കെ അന്വേഷിച്ചു കൊണ്ടു ദാമോദരാ എന്നൊരു ഫോണ്‍ കോള്‍ ഇനിയുണ്ടാവില്ലല്ലോ എന്ന ചിന്ത മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
ജീവസുറ്റ സംഘടനാ പ്രവര്ത്തകന്
എ. ഗോപാലകൃഷ്ണന്
(സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍)
സംഘത്തിന്റെ നേരിട്ടുള്ള ചുമതലകള്‍ വഹിച്ചതിന് ശേഷം പ്രാന്ത കാര്യാലയ പ്രമുഖായും ജന്മഭൂമി എംഡിയായും മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നപ്പോള്‍, മൂന്ന് മേഖലകളിലും പാടെ വ്യത്യസ്തമായിരുന്നു പുരുഷേട്ടന്റെ വ്യക്തിത്വത്തിലെ തനിമ. കാര്യാലയത്തില്‍ വരുന്ന സംഘ ബന്ധുക്കളെയും പ്രവര്‍ത്തകരെയും അധികാരികളെയും വേണ്ടവിധം പരിഗണിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ജന്മഭൂമി എംഡിയായി ചുമതല നടത്തുമ്പോള്‍, പ്രതിസന്ധികളുടെ നടുവില്‍ ആടിയുലയുന്ന നൗകയായിട്ടും അദേഹം അത് പ്രതിസന്ധികളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകാതെ തുഴഞ്ഞ് മുന്നോട്ടുകൊണ്ടുപോയി. സുദീര്‍ഘമായ കാലത്തോളം മത്സ്യപ്രവര്‍ത്തക സമൂഹത്തിനിടയില്‍ ജീവസുറ്റ സംഘടനാ പ്രവര്‍ത്തനം പുരുഷേട്ടന് നടത്തി.
ശരീരത്തിന്റെ വല്ലായ്മകള്‍ കൊണ്ട് പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നപ്പോഴും മനസ് പൂര്‍ണമായും സംഘടനാ കാര്യത്തില്‍ വ്യാകുലനായിരുന്ന ഒരു ഉത്തമ സംഘടനാ പ്രവര്‍ത്തകനായിരുന്നു പുരുഷേട്ടന്.
വലിയ നഷ്ടവും ശൂന്യതയുമെന്ന്: കേന്ദ്രമന്ത്രി വി. മുരളീധരന്
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി മുന്‍ മാനേജിങ് ഡയറക്ടറുമായ കെ. പുരുഷോത്തമന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് അനുശോചിച്ചു. അഞ്ചര പതിറ്റാണ്ടിലധികം സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച കെ. പുരുഷോത്തമന്റെ വിയോഗം വലിയ നഷ്ടവും ശൂന്യതയുമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സവിശേഷതയുള്ള സംഘാടകന്‍: വിചാരകേന്ദ്രം
സംഘസ്വയംസേവകരെ മികവുറ്റ കാര്യകര്‍ത്താക്കളായി വളര്‍ത്തിയെടുക്കുന്നതില്‍ സവിശേഷമായ സാമര്‍ത്ഥ്യം പ്രകടിപ്പിച്ചയാളാണ് പുരുഷേട്ടനെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
സംഘപ്രവര്‍ത്തകരും അനുഭാവികളുമായി ആത്മാര്‍ത്ഥമായ ബന്ധം സ്ഥാപിക്കുക മാത്രമല്ല പുരുഷേട്ടന് ചെയ്തത്. അവരുടെ കുടുംബങ്ങളുമായും ആഴത്തിലുള്ള അടുപ്പം സൃഷ്ടിച്ചു. പഴയകാലം മുതലുള്ള ബന്ധങ്ങള്‍ സുദൃഢമായി നിലനിര്‍ത്തി. ഈ ബന്ധങ്ങള്‍ സംഘപ്രവര്‍ത്തനത്തിന് വലിയതോതില്‍ പ്രയോജനം ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ കാലം പുരുഷേട്ടന്റെ സേവനം സംഘത്തിനും സമൂഹത്തിനും ലഭിക്കുമായിരുന്നു, സഞ്ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: