കോഴിക്കോട്: കോഴിക്കോട് സിപിഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പരാതിയുമായി ബിജെപി. സിപിഎം നേതാക്കള്‍ക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.
എം സ്വരാജ്, എം വിജിന് എംഎല്‍എ എന്നിവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയില്‍. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. എം സ്വരാജ്, എം വിജിന് എന്നിവര്‍ സത്യനാഥന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു.
കൊയിലാണ്ടിയില്‍ സിപിഎം നേതാവ് രാത്രി 10 മണിയോടെ വെട്ടേറ്റ് മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ സിപിഎം നേതാക്കളും കൈരളി ചാനലും സിപിഎം സൈബര്‍ സംഘവും അത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവെച്ചു.
എം. സ്വരാജ്, അഡ്വ. എം. വിജിന് എംഎല്‍എ, അഡ്വ പി.എം. ആതിര, അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടു. ആര്‍എസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്നായിരുന്നു എം. സ്വരാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിപിഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു അരുണ്‍കുമാറിന്റെ പോസ്റ്റ്.
സത്യനാഥനെ ആര്‍എസ്എസുകാര്‍ അമ്പലപ്പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്ന് വിജിന് എംഎല്‍എ പ്രചരിപ്പിച്ചു. കൈരളി ചാനലും സമാനമായ വാര്‍ത്ത നല്കി. പിടിയിലായ പ്രതിക്ക് കുറച്ചുകാലമായി ആര്‍എസ്എസുമായി ബന്ധമുണ്ട് എന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ചത്. ഇതോടെ സിപിഎം വാട്സാപ്പ് ഗ്രൂപ്പുകള്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ വിദ്വേഷ പ്രചാരണമാരംഭിച്ചു. സിപിഎം ജില്ലാ നേതൃത്വം കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ സിപിഎം അണികള്‍ പരസ്യമായി രംഗത്തിറങ്ങി.
സാമൂഹ്യമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രതിയുടെ സിപിഎം ബന്ധം പുറത്തായതോടെ നേതാക്കള്‍ ഫെയ്സ്ബുക്ക് പേജ് എഡിറ്റ് ചെയ്തു രക്ഷപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രക്തസാക്ഷിയെ സൃഷ്ടിച്ച് നേട്ടം കൊയ്യാനായിരുന്നു നേതാക്കളുടെയും സിപിഎമ്മിന്റെയും ശ്രമം. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിയുടെ പാര്‍ട്ടി ബന്ധം പുറത്തായത് സിപിഎമ്മിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: