കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സമഗ്രാന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.
സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ മര്‍ദനത്തിനും മാനസിക പീഡനത്തിനും ഇരയായതിനെത്തുടര്‍ന്നായിരുന്നു സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 14 മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ സിദ്ധാര്‍ത്ഥനെ ഉപദ്രവിച്ചിരുന്നു. 15ന് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്ത്ഥന് എറണാകുളം വരെ എത്തിയശേഷം കാമ്പസിലേക്ക് മടങ്ങി. ഫോണില്‍ ചില വിളികള്‍ വന്നതോടെ വീട്ടിലേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു. 16ന് ഒരുപറ്റം വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ കാമ്പസിലെ ഒഴിഞ്ഞ സ്ഥലത്തേക്കുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അന്നും അടുത്ത ദിവസവും ഹോസ്റ്റില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അധിക്ഷേപത്തിനും പരസ്യവിചാരണയ്ക്കും സിദ്ധാര്ത്ഥന് ഇരയായി. 18ന് രാവിലെയും പീഡനം ആവര്‍ത്തിച്ചതിനു പിന്നാലെയായിരുന്നു മരണം.
ജയപ്രകാശ്, ഷീബ ദമ്പതികളുടെ മകനാണ് സിദ്ധാര്ത്ഥന്. മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന് വൈത്തിരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായ അന്വേഷണവും നടപടിയും ഉണ്ടായില്ല. സംഭവം വിവാദമായതോടെ ഇന്നലെ 12 വിദ്യാര്‍ത്ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ രണ്ടുദിവസം പഴക്കമുള്ള പരിക്കുകളും കണ്ടെത്തി.
അഖില്‍, കാശിനാഥന്, അമീന് അക്ബര്‍, സിന്റോ ജോണ്സണ്, ആസിഫ് ഖാന്, അരുണ്‍. കെ, അജയ്, സൗദ് റിസാല്‍, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, അമല്‍സാന്‍, ആദിത്യന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: