ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനായി പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തി. ധാരണയനുസരിച്ച് പിഎംഎല്‍-എന്‍ പ്രസിഡന്റ് ഷെഹബാസ് ഷെറീഫ് പ്രധാനമന്ത്രിയാകുമെന്ന് പിപിപി ചെയര്മാന് ബിലാവല്‍ ബൂട്ടോ പ്രഖ്യാപിച്ചു.
പിപിപി കോ ചെയര്മാന് ആസീഫ് സര്‍ദാരി അടുത്ത പാകിസ്ഥാന് പ്രസിഡന്റാകുവാനുമാണ് ധാരണ. ഇരു പാര്‍ട്ടികളുടെയും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ധാരണസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സര്‍ക്കാര്‍ ഉണ്ടാക്കുവാനുള്ള ഭൂരിപക്ഷം ഉള്ളതായി ഇരുപാര്‍ട്ടി, നേതാക്കളും പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുവാനായി ധാരണയിലെത്തിയ ഇരു പാര്‍ട്ടി നേതാക്കള്‍ക്കും ഷെഹബാസ് ഷെറീഫ് നന്ദി രേഖപ്പെടുത്തി. ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ഉറച്ച സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പിഎംഎല്‍-എന്‍ പാര്‍ട്ടിക്ക് 75 സീറ്റും പിപിപിക്ക് 54 സീറ്റുമാണുള്ളത്. 17 സീറ്റുകളുള്ള എംക്യുഎം-പി പാര്‍ട്ടിയും സര്‍ക്കാരിനെ പിന്തുണയ്ക്കും. 264 അംഗ പാര്‍ലമെന്റില്‍ 133 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.
ഇതിനിടയില്‍ ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി പാക് സുപ്രീംകോടതി തള്ളി. സഖ്യ സര്‍ക്കാര്‍ രൂപീകൃതമാകുന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറും. ഇത്തരം ഹര്‍ജികള്‍ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നൂം കോടതി നിരീക്ഷിച്ചു.
പാകിസ്ഥാനില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സിക്കന്തര്‍ സുല്‍ത്താന്‍ രാജ അടിയന്തരമായി രാജിവയ്ക്കണമെന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ രാജയെ 2020ല്‍ ഇമ്രാന് ഖാനാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആക്കിയതെന്നാണ് രസകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: