ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മൗര്യ അറിയിച്ചു. സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഫെബ്രു. 13 നാണ് അദ്ദേഹം രാജിവെച്ചത്. പിന്നാലെ ഉത്തര്‍പ്രദേശ് എംഎല്‍സി അംഗത്വവും രാജിവെച്ചിരുന്നു.
ഫെബ്രു. 22ന് ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മൗര്യ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും. രാഷ്ട്രീയ ശോഷിത് സമാജ് പാര്‍ട്ടി എന്നാകും പാര്‍ട്ടിയുടെ പേരെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സംശുദ്ധ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അഖിലേഷ് യാദവുമായും എസ്പിയുമായും തനിക്ക് ആശയപരമായ വിയോജിപ്പുകളുണ്ട്. പാര്‍ട്ടി നേതൃത്വം തന്നോട് പക്ഷപാതിത്വം കാണിച്ചതായും മൗര്യ ആരോപിക്കുന്നു.
അഞ്ചുവട്ടം എംഎല്‍എയും മന്ത്രിയുമായിരുന്ന മൗര്യ ജനതാദള്‍, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് എസ്പിയിലെത്തുന്നത്. ബിഎസ്പിയിലായിരിക്കെ മായാവതിയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ പ്രധാന മുഖവുമായിരുന്നു മൗര്യ. ബിഎസ്പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അദ്ദേഹം പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴെല്ലാം പ്രതിപക്ഷനേതാവുമായിരുന്നു. ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു.
പാര്‍ട്ടിയില്‍ രണ്ടാമനായിരിക്കെ 2016ല്‍ ബിഎസ്പിവിട്ട് ലോക് താന്ത്രിക് ബഹുജന്‍ മഞ്ച് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേരുകയായിരുന്നു. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് എസ്പിയില് ചേര്‍ന്നു. ഫാസില്‍നഗറില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: