നേപ്പിള്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയും സ്പാനിഷ് കരുത്തരായ എഫ്‌സി ബാഴ്‌സിലോണയും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ നാപ്പോളിയുടെ തട്ടകമായ നേപ്പിള്‍സില്‍ രാത്രി ഒന്നരയ്‌ക്കാണ് പോരാട്ടം. ഇതേ സമയത്ത് തന്നെയാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സനലും പോര്‍ചുഗീസ് ടീം പോര്‍ട്ടോയും തമ്മില്‍ ഏറ്റുമുട്ടുക.
പോര്‍ട്ടോയുടെ തട്ടകത്തിലാണ് ആഴ്‌സനലിനെതിരായ മത്സരം. പ്രീമിയര്‍ ലീഗ് സീസണില്‍ വമ്പന്‍ പ്രകടനത്തോടെയാണ് ആഴ്‌സനല്‍ കുതിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ രണ്ടാം സ്ഥാനത്ത് മുന്നേറുന്നത് ആഴ്‌സനലാണ്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ നേടിയ അത്രയും ജയം തന്നെ ആഴ്‌സനലും നേടിയിട്ടുണ്ട്. ഇരു ടീമുകളും 25 വീതം മത്സരങ്ങളില്‍ നിന്ന് 17 ജയമാണ് നേടിയിട്ടുള്ളത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും ജേതാക്കളായാണ് ടീം നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് നാല് വിജയം നേടിയ ടീം ഒരെണ്ണത്തില്‍ പരാജയപ്പെട്ടു. ഗ്രൂപ്പ് എച്ചില്‍ നിന്നും ബാഴ്‌സയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായണ് പോര്‍ട്ടോയുടെ വരവ്. ആറ് കളികള്‍ കളിച്ച ടീം നാല് വിജയം നേടി 12 പോയിന്റ് പ്രാഥമിക റൗണ്ടില്‍ നേടി. രണ്ട് കളികളില്‍ പരാജയപ്പെടുകയും ചെയ്തു.
ഗ്രൂപ്പ് സിയില്‍ റയല്‍മാഡ്രിഡിന് പിന്നില്‍ റണ്ണറപ്പുകളായി മുന്നേറിയ നാപ്പോളി ഇത്തവണ വലിയ ക്ഷീണമാണ്. ഇറ്റാലിയന്‍ സീരി എയില്‍ ടീം ഒമ്പതാം സ്ഥാനത്താണുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ടീമിന് ഇതുവരെ ശ്രദ്ധേയമായ ഒരു പ്രകടനം പോലും കാഴ്‌ച്ചവയ്‌ക്കാന്‍ സാധിച്ചിട്ടില്ല.
നാപ്പോളിയെക്കാള്‍ ഭേദമെങ്കിലും സീസണില്‍ ബാഴ്‌സയുടെ നിലയും വലിയ പരുങ്ങലിലാണ്. ലാലിഗയില്‍ നിലവില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ടീം മുന്നിലുള്ള റയല്‍ മാഡ്രിഡിനെക്കാള്‍ എട്ട് പോയിന്റ് പുറകിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: