ന്യൂദല്‍ഹി: ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഭാരതത്തെ പ്രതിനിധീകരിക്കും. 21നും 22 നുമാണ് യോഗം.
ജി20 അധ്യക്ഷപദവി ബ്രസീല്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിതല യോഗമാണിത്. 2012 മുതല്‍ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ പത്താം സമ്മേളനമാണ് റിയോ ഡി ജെനീറോയില്‍ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ബ്രസീല്‍, ഭാരതത്തില്‍ നിന്ന് ജി 20 അധ്യക്ഷ പദവി ഏറ്റെടുത്തത്.
നീതിപൂര്‍വമായ ലോകവും സുസ്ഥിര ഭൂമിയും എന്ന വിഷയത്തില്‍ അധിഷ്ഠിതമായ ബ്രസീലിന്റെ അധ്യക്ഷപദവിക്ക് ഭാരതം പൂര്‍ണ പിന്തുണ നല്കുന്നു. സാമൂഹ്യ ഉള്‍ക്കൊള്ളലും ദാരിദ്ര്യനിര്‍മാര്‍ജനവും, ഊര്‍ജ പരിവര്‍ത്തനവും സുസ്ഥിര വികസനവും, ആഗോളഭരണപരിഷ്‌കാരങ്ങള്‍ എന്നിവയാണ് ബ്രസീല്‍ മുന്നോട്ടുവയ്‌ക്കുന്ന വിഷയങ്ങള്‍. ഭാരതത്തിന്റെ അധ്യക്ഷപദവിക്ക് കീഴില്‍ പ്രവര്‍ത്തിച്ച എല്ലാ ജി 20 പ്രവര്‍ത്തന ഗ്രൂപ്പുകളും തുടരുന്നുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന ഗ്രൂപ്പും ജുഡീഷ്യറി 20 ഗ്രൂപ്പും ബ്രസീല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ആഗോള സാഹചര്യങ്ങള്‍ സംബന്ധിച്ചും ആഗോള ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ വി. മുരളീധരന്‍ സംസാരിക്കും. ഭാരതം-ബ്രസീല്‍-ദക്ഷിണാഫ്രിക്ക വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലും അദ്ദേഹം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: