കൊല്‍ക്കത്ത: ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്ക് സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ പോലീസ്. കഴിഞ്ഞ ദിവസം അദേഹത്തിന് പ്രശ്‌ന ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് സുവേന്ദുവും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്.
പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ പ്രദേശം സന്ദര്‍ശിക്കാന്‍ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത് ചൂണ്ടിക്കാട്ടിയാണ് നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയ പ്രശ്‌നബാധിത പ്രദേശത്തേക്ക് പോകുന്നതില്‍ നിന്ന് അദേഹത്തെ പോലീസ് തടഞ്ഞത്. വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമങ്ങള്‍ക്കെതിരെ സന്ദേശ് ഖാലിയിലെ സ്ത്രീകള്‍ പ്രതികരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ അത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പ്രദേശത്ത് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സുവേന്ദു അധികാരി കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് കൗശിക് ചന്ദയാണ് ഹര്‍ജി പരിഗണിച്ചത്. സുവേന്ദു അധികാരിക്ക് സന്ദേശ് ഖാലി സന്ദര്‍ശിക്കാമെന്നും, സുരക്ഷ നല്‍കാനും സംസ്ഥാന സര്‍ക്കാനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒപ്പം സന്ദര്‍ശനം നടത്തുന്ന സ്ഥലത്തിന്റെ വിശദാംശങ്ങളും സന്ദേശ് ഖാലിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നതിന്റെ റൂട്ട് മാപ്പ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഹാജരാക്കണം, ജനങ്ങളില്‍ പ്രകോപനം ഉളവാക്കുന്ന വിധത്തില്‍ പ്രസംഗിക്കരുത്. ക്രമസമാധാന നില തകരാറിലാക്കുന്ന നടപടിയൊന്നും പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു.
അതിനിടെ സന്ദേശ് ഖാലിയിലെ സ്ത്രീപീഡകരില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ടിഎംസി നേതാവും ബ്ലോക് പ്രസിഡന്റുമായ ഷിബു പ്രസാദ് ഹസ്രയാണ് പിടിയിലായത്. ജില്ലാ പരിഷത്ത് അംഗവുമായ ഷേഖ് ഷാജഹാനും ഇയാളുടെ അനുയായി ഉത്തം സര്‍ദാര്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ കോടതി ഇടപെടുകയും ബലാത്സംഗത്തിന് ഇരയായ സ്ത്രീ മജിസ്‌ട്രേറ്റിന് മുന്നിലെത്തി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസില്‍ എഫ്‌ഐആറില്‍ ചേര്‍ക്കാന്‍ പോലീസ് തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: