തിരുവനന്തപുരം: ആള്‍സെയിന്റസ് കോളജിന് സമീപത്ത് നിന്നും കാണാതായ രണ്ട് വയസ്സുകാരി നാടോടി പെണ്‍കുട്ടി മേരിയെ കണ്ടെത്തി. തെലങ്കാന ബാസ്തി ദേവിനഗര്‍ സ്വദേശി അമര്‍ദീപ്, അമല ദമ്പതികളുടെ മകള്‍ മേരിയെയാണ് 19 മണിക്കൂര്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സ്ഥലത്ത് നിന്നും വിളിപ്പാടകലെ റയില്‍വേ ട്രാക്കിന് സമീപത്തെ ഓടയ്ക്കടുത്തുള്ള പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി 12നും ഒരു മണിയ്ക്കും ഇടയ്ക്കാണ് കോളജ് മതില്മുക്കിലെ റെയില്‍വേയ്ക്ക് സമീപമുള്ള തുറസ്സായ സ്ഥലത്ത് കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒന്നര മണിയോടെ പേട്ട പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. ഒരു മണിയോടെ ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണുന്നില്ലെന്നാണ് അച്ഛനും അമ്മയും പോലീസിനോട് പറഞ്ഞത്. മഞ്ഞ സ്കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ അനുജത്തിയെ കൊണ്ടുപോയെന്ന് മൂത്തകുട്ടിയും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഇളയ സഹോദരനാണ് ഇത്തരത്തില്‍ തന്നോട് പറഞ്ഞതെന്ന് കുട്ടി പിന്നീട് മാറ്റി പറഞ്ഞു. ഇത് പോലീസിനെ കുഴക്കി. കുട്ടികള്‍ നല്കിയ വിവരമനുസരിച്ച് പോലീസ് പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും മേരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സമീപത്തെ കുറ്റിക്കാട്ടിലും ചുറ്റുപ്രദേശങ്ങളിലും തെരച്ചില്‍ നടത്തി. അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
ഇരുചക്ര വാഹനം കണ്ടെത്താനായി സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി. കുട്ടിയെ മഞ്ഞ ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ രണ്ടുപേര്‍ കൊണ്ടുപോകുന്നത് കണ്ടെന്ന ഈഞ്ചയ്ക്കല്‍ സ്വദേശിയുടെ മൊഴി അനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ബ്രഹ്മോസിന് മുന്നിലുള്ള സിസിടിവിയില്‍ നിന്ന് രാത്രി 12ന് ശേഷം രണ്ടുപേര്‍ സ്കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം ലഭിച്ചെങ്കിലും സ്കൂട്ടറിന്റെ നിറം വ്യക്തമായിരുന്നില്ല. ഈഞ്ചയ്ക്കല്‍ മുട്ടത്തറ സര്‍വീസ് റോഡിലൂടെ രാത്രി 12.30ന് ശേഷം രണ്ടുപേര്‍ ചേര്‍ന്ന് ഒരു കുട്ടിയെ നടുക്കിരുത്തി സ്കൂട്ടറില്‍ പോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ ഹോട്ടല്‍ മാനേജര്‍ പോലീസിനെ അറിയിച്ചു. ഈ റോഡിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പേറേഷന്റെ ട്രിവാന്‍ഡ്രം ഡിവിഷണല്‍ ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അതിനിടെ ഒരു കുട്ടിയെ സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസിനെ സമീപിച്ചു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇന്നലെ രാത്രി ഏഴുമണിയോടെ കുട്ടിയെ കാണാതായ ഇടത്തിന് അടുത്ത് ബ്രഹ്മോസിന് പുറകില്‍ റയില്‍വേ ട്രാക്കിന് സമീപത്തെ ഓടയിലെ പൊന്തക്കാട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ സഹായം നല്കിയ ശേഷം എസ്എടിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മേരിയെ കണ്ടെത്തിയതിന് കുട്ടിയുടെ അച്ഛനും അമ്മയും പോലീസിന് നന്ദി അറിയിച്ചു.
അതേസമയം കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മേരിയെ കാണാതായ ഇടത്ത് നിന്നും 300 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ രാവിലെയും വൈകിട്ടും നാട്ടുകാരടക്കം പരിശോധന നടത്തിയിരുന്നു. നാട്ടുകാരുടെ പരിശോധന കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിലാണ് പോലീസ് ഇവിടെ നിന്നും കുട്ടിയെ കണ്ടെടുത്തതും. തേന്‍ ശേഖരിച്ച് വില്‍ക്കുന്ന ഇതരസംസ്ഥാന നാടോടിസംഘം ഒരുമാസം മുമ്പാണ് ഇവിടെ തമ്പടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: