കൊൽക്കത്ത : ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന ഭീതി നിറഞ്ഞ ഭരണമാണ് പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. അതിക്രമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളുടെ ശബ്ദം പശ്ചിമ ബംഗാൾ സർക്കാർ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ച രേഖ ശർമ്മ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പ്രദേശം സന്ദർശിച്ച രേഖ സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതിനാണ് തന്റെ സന്ദർശനമെന്ന് പറഞ്ഞു. തന്റെ സന്ദർശന വേളയിൽ അവരിൽ പലരും പുറത്തു വന്ന് അവരുടെ മനസ്സ് തുറന്നുപറഞ്ഞു.
സത്യം പുറത്തുവരാതിരിക്കാൻ സ്ത്രീകളുടെ ശബ്ദം അടിച്ചമർത്താൻ മമത ബാനർജി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമായി. പ്രദേശത്തെ സ്ത്രീകളോട് സംസാരിച്ചതിന് ശേഷം സന്ദേശ്ഖാലിയിലെ സ്ഥിതി ഭയാനകമാണെന്ന് താൻ കണ്ടെത്തി. പല സ്ത്രീകളും തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചു. ഇവിടുത്തെ ടിഎംസി പാർട്ടി ഓഫീസിൽ വച്ചാണ് താൻ ബലാത്സംഗത്തിനിരയായതെന്ന് അവരിൽ ഒരാൾ പറഞ്ഞു.
ഈ സാഹചര്യത്തിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ റിപ്പോർട്ടിലും അത് പരാമർശിക്കുമെന്നും ശർമ്മ പറഞ്ഞു.
എൻസിഡബ്ല്യു ബിജെപിയുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന ടിഎംസിയുടെ ആരോപണങ്ങളെ ശർമ്മ തള്ളിക്കളഞ്ഞു. അവർ എന്ത് വേണമെങ്കിലും പറയട്ടെ, അതിൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ മറുപടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: