കോഴിക്കോട്: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) കേരളത്തിലും നടപ്പിലാക്കുമെന്ന് സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട്ട് വിദ്യാര്‍ത്ഥികളുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിയെ അടിമുടി എതിര്‍ക്കുന്ന നയമാണ് സംസ്ഥാന പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നത്. അതില്‍നിന്നുള്ള മാറ്റമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിവിപ്ലവമായ പരിഷ്ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണ് ലക്ഷ്യമെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദകോഴ്സ് നടപ്പാക്കും. അതോടെ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ മുഖച്ഛായ തന്നെ മാറും. കായിക രംഗത്തെ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ത്ഥികേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്. മള്‍ട്ടി ഡിസിപ്ലിനറി സമീപനമാണ് ലോകമൊട്ടുക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. അതിനനുസരിച്ചുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്, മുഖ്യമന്ത്രി വിശദീകരിച്ചു.
ഇതൊക്കെയാണ് മോദി സര്‍ക്കാര്‍ അവതരപ്പിച്ച എന്‍ഇപിയില്‍ ഉള്ളത്. ഇതിനെയാണ് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ഡോ.ആര്. ബിന്ദുവും കര്‍ക്കശമായി എതിര്‍ത്തിരുന്നത്.
ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഭയുളള വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കടക്കുകയാണ്. അവരെ തിരിച്ചെത്തിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ മേഖലയില്‍ കേരളത്തിന്റെ ലോകനിലവാരമില്ലായ്മ ഗൗരവമായി ചിന്തിക്കണം. ഗവേഷണ മേഖലയില്‍ കടന്നുവരാന്‍ ഡോക്ടര്‍മാര്‍ തയാറാകണം.
കെ-റീപ് സോഫ്റ്റ്വെയര് നിലവില്‍ വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബാക്കും, അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിടുന്നത് സംബന്ധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ ഏറെയും. അവരെ തിരിച്ചെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന ഒഴുക്കന്‍ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
മാദ്ധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് വീണ്ടും
കോഴിക്കോട്: വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്ന് സംഘാടകര്‍. പരിപാടിക്കിടെ പിആര്‍ഡി ഔദ്യോഗികമായി അറിയിപ്പു നല്കിയതിനുപുറമെയാണ് മൈക്കിലൂടെയും വിളിച്ചറിയിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ മുഖാമുഖം ഒരുക്കിയത്. പവലിയനിലെ ശബ്ദം സമീപപ്രദേശത്ത് കേള്‍ക്കാമെന്നിരിക്കെ മാദ്ധ്യമപ്രവര്‍ത്തകരെ അകറ്റിയതിനെതിരെ പ്രതിഷേധമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: