ഇപ്പോഴിതാ ‘പ്രേമലു’ ബോളിവുഡിലേക്കും എത്തുകയാണ്. ‘പ്രേമലു’വിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. ചിത്രത്തിന് വിദേശ രാജ്യങ്ങളില്‍ പോലും ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകര്‍ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ നിന്നുള്ള ലക്ഷണമൊത്ത റൊമാന്റിക് കോമഡിയാണ് ‘പ്രേമലു’ എന്ന
യഷ് രാജ് ഫിലിംസിന്റെ ഈ തീരുമാനത്തിന് പിന്നില്‍. ഇതാദ്യമായാണ് ബോളിവുഡില്‍ നിന്നല്ലാതെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിന് ഇത്രയേറെ വരവേല്പ് ലഭിക്കുന്നത്.
പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ‘പ്രേമലു’ ഇപ്പോഴിതാ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ കേരളത്തില്‍ ഉടനീളമുള്ള കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു.
നല്ല ചിത്രങ്ങളെ ജനങ്ങള്‍ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ സൂചന തന്നെയാണ് ഇത്. ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു.
ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 4 കോടി ബജറ്റില്‍ തീര്‍ത്ത ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ മുതല്‍മുടക്കു തിരിച്ചുപിടിച്ചിരുന്നു.
കേരളത്തില്‍ നിന്നു മാത്രം ഏഴ് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 14 കോടിയാണ്. ആദ്യ വാരം ചിത്രം 7 കോടിയാണ് ബോക്സ്ഓഫിസില്‍ നിന്നു നേടിയത്. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്ഷന്‍ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി.
‘പ്രേമലു’ എന്ന ചിത്രത്തിന്റെ വന്‍ വിജയം ഒരുക്കിയ ഗിരീഷ് എ.ഡിക്ക് സന്തോഷിക്കാം. യൂത്തിന്റെ ചിത്രമാണെന്ന് കരുതിയത് മുഴുനീള കുടുംബചിത്രമായി മാറിയിരിക്കുകയാണ്. നസ്ലിന്, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അങ്ങനെ വാലന്റൈന്‍ ആഘോഷിച്ച് മുന്നേറുകയാണ്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: