തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹര്‍ക്ക് ഭൂമി പതിച്ചു നല്കി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നതില് ഗുരുതര വീഴ്ചകള്‍ സംഭവിക്കുന്നു. റവന്യൂ വകുപ്പിനെ രൂക്ഷമായി സിഎജി വിമര്‍ശിക്കുന്നുണ്ട്. പതിച്ചു നല്കിയ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിച്ചത് തടഞ്ഞില്ല. സര്‍ക്കാര്‍ ഭൂമിയുടെയും പതിച്ചു നല്കാവുന്ന ഭൂമിയുടെയും പട്ടിക തയാറാക്കിയിട്ടില്ല. പതിച്ചു നല്കാന് പാടില്ലാത്ത ഭൂമി പോലും പതിച്ചു നല്കി.
മുനിസിപ്പല്‍, കോര്പ്പറേഷന് പ്രദേശങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ക്ക് പരിധിയില്ലാതെ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. വിപണി വില ഈടാക്കാതെ വിവിധ ഏജന്‍സികള്‍ക്ക് ഭൂമി പതിച്ചു നല്കി. അത്തരം ഭൂമികള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നു. പാട്ടവാടക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ റവന്യൂ അധികാരികള്‍ പരാജയപ്പെട്ടത് കാരണം സര്‍ക്കാരിന് വരുമാന നഷ്ടവുമുണ്ടായി. പതിച്ചു നല്കിയ ഭൂമിയുടെ അന്യാധീനപ്പെടുത്തല്‍ തടയുന്നതിന് ഒരു സംവിധാനവും നിലവിലില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
വ്യാജ രേഖകള്‍ സമര്‍പ്പിച്ച് നിയമനം
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് വ്യാജ രേഖകളായിരുന്നു ഹാജരാക്കിയത്. അവരുടെ പരിശീലന പങ്കാളികളായ സ്ഥാപനങ്ങളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ ആ സ്ഥാപനങ്ങള്‍ക്ക് 16.72 ലക്ഷത്തിന്റെ അനര്‍ഹമായ സാമ്പത്തിക നേട്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2676 കെട്ടിടങ്ങള്‍ക്ക് നികുതി നിശ്ചയിച്ചു നല്‍കിയില്ല
വില്ലേജ് ഓഫിസര്‍മാര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടും 2676 കെട്ടിടങ്ങള്‍ക്ക് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ കെട്ടിട നികുതി നിശ്ചയിക്കാഞ്ഞതിലൂടെ റവന്യൂ നഷ്ടം ഉണ്ടായി. നികുതി കാണക്കാക്കാത്തതിനാല് 15.83 കോടി രൂപയുടെ വരുമാനം കുറഞ്ഞു. കെട്ടിടനികുതി അടയ്ക്കേണ്ട കെട്ടിടങ്ങള്‍ വിലയിരുത്തുന്നതിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. ഇതു മൂലം സര്‍ക്കാരിന് 31.60 കോടി രൂപയുടെ വരുമാനത്തില്‍ കുറവ് വന്നതായും സിഎജി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: